ശശി തരൂര്‍ ആദ്യമായി തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ അന്തം വിട്ടു പോയിട്ടുണ്ട്. ശശി തരൂരെന്ന വിശ്വപൗരനെ അവര്‍ക്കറിഞ്ഞൂടായിരുന്നു. കോണ്‍ഗ്രസ്സ് സ്റ്റേജുകളില്‍ കണ്ട്
പരിചയമില്ലാത്ത ഒരാള്‍ അന്ന് ജയിച്ചു കേന്ദ്ര മന്ത്രി വരെയായി. 2014ല്‍ തിരുവനന്തപുരത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയായപ്പോഴും എതിര്‍പ്പും വിവാദവുമുണ്ടായി. പതിനായിരത്തില്‍ പരം വോട്ടിന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 2019ലും മത്സരരംഗത്ത് ശശിതരൂര്‍ പടലപ്പിണക്കങ്ങള്‍ നേരിട്ടു. കൂടെ നടക്കാന്‍ നേതാക്കള്‍ പോലും കൂട്ടാക്കാത്തപ്പോള്‍ കെ.പി.സി.സി.ക്കും ഹൈക്കമാണ്ടിനും വരെ ഇടപെടേണ്ടി വന്നു. എങ്കിലും നല്ല ഭൂരിപക്ഷത്തോടെ തരൂര്‍ തടി സലാമത്താക്കി എം.പി.യായി. കോണ്‍ഗ്രസ്സുകാരായി ജയിച്ച 54 പേരില്‍ എന്ത് കൊണ്ടും ശശിതരൂര്‍ ഒരു ജിറാഫിനെ പോലെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന വ്യക്തി ത്വവും പാര്‍ലമെന്ററിയനും. എന്നിട്ടും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സുകാരുടെ സഭാ നേതാവായി തരൂരിനെ തിരഞ്ഞെടുത്തില്ല. എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ അയാളൊരു ഒറ്റയാനായിരുന്നു. ഏതെങ്കിലും ഗ്രൂപ്പ് നേതാക്കന്മാരുടെ വാലായിട്ട് നില്‍ക്കാന്‍ മെനക്കെട്ടില്ല. ഒരു പാലക്കാടന്‍ നായരായിരുന്നിട്ടും താക്കോല്‍ സ്ഥാനത്തെ കുറിച്ച് പറയാറുള്ള നായന്മാരുടെ പോപ്പിന് പോലും ഇയ്യാളോട് മതിപ്പ് കുറവായിരുന്നു എന്നോര്‍ക്കുക. ബുദ്ധിജീവികള്‍ക്കുള്ള ദോഷമാണ് കാരണം. നാലാംകിട രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കില്ല. ആരെയും മണിയടിക്കില്ല. പരന്ന വായനക്ക് പുറമെ എഴുതുകയും ചെയ്യും. ലോകവിവരം അല്‍പം കൂടുതലാണ്. ഇടം വലംനോക്കാതെ പറയാനുള്ളത് പറഞ്ഞു കളയും. സ്വന്തം ഭാര്യയുടെ മരണം കരിനിഴലായി നിന്നപ്പോഴും മിണ്ടാതിരുന്നിട്ടില്ല. ലോകസഭയില്‍ വിഷയത്തെ തലനാരിഴ കീറി അവതരിപ്പിച്ചു. ബി.ജെ.പി.യെയും മോദിയെയും വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിച്ചിട്ടുമുണ്ട്. ലോകസഭക്കകത്തും പുറത്തും ബി.ജെ.പി നയങ്ങളെ ശക്തമായി വിമര്‍ശിച്ച അപൂര്‍വ്വം നേതാക്കളിലൊരാളാണ് ശശിതരൂര്‍. ആ വാദിയാണ് പ്രതിയായി മാറുന്നത് ഒരു ട്വീറ്റിന്റെ പേരില്‍. ഉള്ളത് പറയണമല്ലൊ. ശശി തരൂരിന്റെ വാചകങ്ങളിലെ ഒരു വാക്കിന്റെ അര്‍ത്ഥം തിരയാന്‍ ഒരു പാട് ശബ്ദ താരാവലികള്‍ മറിച്ചു നോക്കണം. ആ സ്ഥിതിക്ക് മൂപ്പരുടെ ട്വീറ്റിന്റെ കാമ്പ് ചില കോണ്‍ഗ്രസ്സുകാര്‍ക്ക് തിരിയാതായിപ്പോയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കോണ്‍ഗ്രസ്സ് എം.പി.യായ ജയറാം രമേശിന്റെ ഒരു ട്വീറ്റിനെ പിന്തുണച്ചതാണ് കേസ്. ആ വകയില്‍ ശശി തരൂരിനെ ബി.ജെ.പി.യാക്കിയേ അടങ്ങൂ എന്ന മട്ടിലാണ് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ മസില്‍പിടിക്കു ന്നത്! എന്ത് ഉശിരാണ് ഒരു കോണ്‍ഗ്രസ്സ്
എം.പിയെ കാവിക്കുപ്പായം അണിയിക്കു ന്നതിനായി കാണിക്കുന്നത്?
ഞാനിത് പറയുമ്പോള്‍ ശശി തരൂരിനെ കണ്ണുമടച്ചു പിന്താങ്ങുകയല്ല. മോദിയുടെ നല്ല ചെയ്തികളെ പിന്തുണക്കണം എന്ന് ജയറാം രമേശായാലും തരൂരായാലും ട്വീറ്റ് ചെയ്യാന്‍ കണ്ട അവസരമാണ് ബെസ്റ്റ് എന്ന് പറയേണ്ടത്. പപ്പടം ചുടുന്ന ലാഘവത്തോടെ ഒരു ബില്ലിലൂടെ ഒരു സംസ്ഥാന
ത്തെ തന്നെ ഇല്ലാതാക്കി നിയന്ത്രണങ്ങളുടെ കരിമ്പടം പുതപ്പിച്ചതിനെ കുറിച്ചല്ല ട്വീറ്റ്! ധനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ചിദംബരം എന്ന കോണ്‍ഗ്രസുകാരന്‍ പരക്കം പാഞ്ഞിട്ടും ജയിലിലായതിനെ കുറിച്ചല്ല വേവലാതി! ഇതിനിടയില്‍ മോദിയുടെ നല്ല ചെയ്തികള്‍ ഉള്‍ക്കൊണ്ട് കൊണ്ട് വിമര്‍ശനം ക്രിയാത്മകമാകണം എന്ന സാരോപദേശ ട്വീറ്റിന് എന്താണ് പ്രസക്തി?
വാല്‍കഷ്ണം: നെഹ്‌റു പ്രധാന മന്ത്രിയായിരുന്ന കാലത്ത് അന്ന് പ്രതിപക്ഷത്തായിരുന്ന ഹിന്ദു മഹാസഭാ നേതാവും ജനസംഘക്കാരനുമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിക്ക് വ്യവസായ വകുപ്പ് നല്‍കി മന്ത്രിസഭയിലിടം നല്‍കി. ഇതിന് കാരണം നെഹ്‌റു എന്ന മഹാന്റെ മഹാമനസ്‌കതയാണ്. അതേ നെഹ്‌റുവിന്റെ പാര്‍ട്ടി പ്രതിപക്ഷത്താ യപ്പോള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്നാണ്. ശ്യാമ പ്രസാദ്മുഖര്‍ജിയുടെ അനുയായികളുടെ പാര്‍ട്ടിയുടെ എം.പി നെഹ്‌റുവിനെ വിളിക്കുന്നത് ക്രിമിനല്‍ എന്നാണ്‍ മീനായ മീനൊക്കെ നങ്കിന്റെ പുറത്ത് എന്ന് പറഞ്ഞത് പോലെ എല്ലാ പ ഴിയും നെഹ്‌റുവിനാണ്. ഗിവ് റെസ്‌പെക്റ്റ് ഗെറ്റ് റെസ്‌പെക്റ്റ് എന്ന മനസ്സ് കാണിക്കാത്ത ഒരു പാര്‍ട്ടിയുടെ പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് എന്തിന് ഒരു മൃതു സമീപനം എന്നാര്‍ക്കും തോന്നിപ്പോവാം!