യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് ഈട് വെച്ച് നടത്തിപ്പിന് പവര്‍ഓഫ് അറ്റോര്‍ണി നല്‍കി തല്‍ക്കാലം തടിയൂരി നാട്ടിലെത്താമെന്ന്, വണ്ടിചെക്ക് കേസില്‍ കുരുക്കിലായ തുഷാര്‍ വെള്ളാപള്ളിയുടെ നീക്കം പൊളിഞ്ഞു. മോഹം പൊലിഞ്ഞു. കേസ് തീര്‍ക്കാതെ വിടാനാവില്ലെന്ന് അജ്മാന്‍ കോടതി വിധി. കൊച്ചു വെള്ളാപ്പള്ളിയുടെ തലവിധിയായി. സ്വദേശിയുടെ പവര്‍ഒഫ് അറ്റോര്‍ണിയോ ശതകോടീശ്വരന്റെ പവര്‍ഓഫ് മണിയോ കേസിനെ സ്വാധീനിക്കാന്‍ കെല്‍പ്പില്ലാതെയായി. അതാണ് ഗള്‍ഫ് രാജ്യങ്ങളിലെ നീതി വ്യവസ്ഥയുടെ പ്രത്യേകത. കര്‍ക്കശതയും.
ഇന്ത്യന്‍ കോടതികളിലെന്ന പോലെ കേസ് അനന്തമായി നീളില്ലെന്നതു മാത്രമാണ് പ്രത്യാശ. അവിടെയും വിധി അനുകൂലമാവുമെങ്കില്‍ മാത്രമല്ലേ ആശക്ക് വകയുള്ളു. ഇനി പ്രതീക്ഷ ഒത്തു തീര്‍പ്പില്‍ മാത്രം. എങ്ങുമെത്താതെ അതും വഴിമുട്ടി നില്‍ക്കുന്നു.
പരാജയപ്പെട്ടു മുങ്ങിയ ഗള്‍ഫ് വ്യവസായി കൂടിയാണ് തുഷാര്‍ എന്ന പുതിയ അറിവ് ഈ കേസ് തരുന്നു. ചെക്ക് മോഷ്ടിക്കപ്പെട്ടതാണെന്ന് തുഷാര്‍ പറയുന്നു. ചെക്ക് മോഷ്ടിക്കപ്പെട്ടാല്‍ ഉടന്‍ പ്രസ്തുത ബാങ്കിനെ അറിയിക്കണമെന്ന സാധാരണ ഇടപാടുകാര്‍ക്ക് പോലും അറിയുന്ന കാര്യം തുഷാറിന് അറിയില്ലെന്നുണ്ടോ?
കേസില്‍ പിണറായി ഇടപ്പെട്ട രീതിയാണ് വിസ്മയിപ്പിക്കുന്നത്. കോടിയേരിയുടെ മകന്‍ ഇതേ പോലൊരു വണ്ടിച്ചെക്ക് കേസില്‍ വീണപ്പോള്‍ പിണറായി വിജയന്‍ ഇടപ്പെട്ടില്ലെന്ന് മാത്രമല്ല, അച്ഛന്‍ കോടിയേരിയെ ഇടപെടാന്‍ അനുവദിച്ചില്ല. അതെങ്ങനെ ഒത്തു തീര്‍ന്നു എന്നറിയില്ല. കാണാമറയത്ത് എത്രയോ കോടിശ്വരന്മാര്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പക്കലുണ്ട്.
മുഖ്യമന്ത്രി സംഗതി അറിഞ്ഞ ഉടനെ തന്നെ എം.എ യൂസുഫലിയെ വിളിക്കുന്നു. തടങ്കലിലായ തുഷാറിന് വേണ്ടി യൂസുഫലി ഒരുകോടി തൊണ്ണൂറ് ലക്ഷം രൂപ ജാമ്യ തുക കെട്ടിവെക്കുന്നു. മുപ്പത് മണിക്കൂര്‍ മാത്രം ജയിലില്‍ കിടന്ന തുഷാര്‍ പൊടിയും തട്ടി പുറത്തു വരുന്നു. അല്ലായിരുന്നെങ്കില്‍ ഇപ്പോഴും അജ്മാന്‍ ജയിലില്‍ ഖുബ്‌സും കഴിച്ച് തറയില്‍ കിടന്നുറങ്ങിയേനേ.
ദുരൂഹത ഏറെയുണ്ട് ഈ കേസില്‍. സാധാരണ സ്ഥാപന ഉടമകളോ വ്യവസായികളോ ബില്‍ ചെയ്യുമ്പോള്‍ ഇത്രയും വലിയ സംഖ്യ ഒറ്റ ചെക്കില്‍ നല്‍കാറില്ല. മൂന്നോ നാലോ ലീഫുകളിലായി തീയതി വെച്ചു നല്‍കാറാണ് പതിവ്. തീയതി പോലുമിടാതെ നല്‍കിയ ഒറ്റ ചെക്ക് തന്നെ സംശയം ജനിപ്പിക്കുന്നു. സംശയിച്ചു സമയം കളയണ്ട: കോടതി തീരുമാനിക്കട്ടെ. ഗള്‍ഫില്‍, വശം ചേരാതെ, നിഷ്പക്ഷമായി കര്‍ക്കശമായി വിധിക്കുന്ന കോടതികളില്‍ കള്ളക്കേസ് നല്‍കാന്‍ ആരും ധൈര്യപ്പെടാറില്ല.
പിണറായി വിജയന്റെ ഇടപെടല്‍ തന്നെയാണ് പിന്നെയും തികട്ടി വരുന്നത്. വണ്ടിച്ചെക്ക് കേസുകളും സാമ്പത്തിക തട്ടിപ്പുകളും ഗള്‍ഫില്‍ ചായകുടി പോലെയാണല്ലോ. ഇങ്ങനെയോരു കേസില്‍ കുരുങ്ങി അറ്റ്‌ലസ് രാമചന്ദ്രന്‍ രണ്ട് വര്‍ഷം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി. ഇടതുപക്ഷ സഹയാത്രികനാണ് രാമചന്ദ്രന്‍. പാര്‍ട്ടി നേതാക്കളുടെ ഉറ്റ സുഹൃത്ത്. കുവൈറ്റിലെത്തിയാല്‍ രാമചന്ദ്രന്റെ ആതിഥ്യം സ്വീകരിക്കാത്ത ഇടതു നേതാക്കള്‍ വിരളം. കൈരളി ചാനലിന്റെ സ്ഥിരം പരസ്യദായകനായ ഈ മനുഷ്യന്‍ കേസില്‍പെട്ടപ്പോള്‍ പല വാതിലുകള്‍ മുട്ടിയെങ്കിലും സഹായിക്കാന്‍ ആരുമെത്തിയില്ല. യു.എ.ഇയിലും കുവൈറ്റിലും ഒമാനിലും സ്ഥാപനങ്ങളുള്ള രാമചന്ദ്രന്‍ അവ വിറ്റ് കടം വീട്ടാമെന്നുറപ്പ് നല്‍കിയെങ്കിലും ജാമ്യത്തിനായി ആരും മുന്നോട്ടു വന്നില്ല. അന്നു പിണറായി മുഖ്യമന്ത്രി അല്ലായിരിക്കാം. എന്നാല്‍ പിണറായി വിളിച്ചാല്‍ വിളികേള്‍ക്കുന്ന ശതകോടീശ്വരന്മാര്‍ അന്നുമുണ്ടല്ലോ. ഈ വിവേചനത്തിന്റെ പേരാണല്ലോ ഇരട്ടത്താപ്പ് എന്ന്.
അച്ഛന്‍ വെള്ളപ്പള്ളി നടേശനിലേക്ക് നീങ്ങാം. അവസരവാദത്തിന്റെ അപോസ്തലനാണ് നടേശന്‍ മുതലാളി. ഉപമിക്കാന്‍ രാഷ്ട്രീയത്തിലൊരാളുണ്ട്; പി.സി ജോര്‍ജ്. വാക്കും കൂട്ടും നിലയും നിലപാടും മാറുന്ന മനസാണ് വെള്ളാപള്ളി നടേശന്റേതെന്ന് പലരും ആരോപിക്കാറുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട നായരീഴവ സഖ്യം, മാസങ്ങള്‍ക്കുള്ളില്‍ എട്ടു നിലയില്‍ പൊട്ടി. ബി.ഡി.ജെ.എസ് രൂപീകരിച്ച് എന്‍. ഡി.എയില്‍ ചേര്‍ന്ന് ബി.ജെ.പിയെക്കാള്‍ രാജഭക്തി കാട്ടി ഡല്‍ഹിയില്‍ മോനെയും കൂട്ടി ചെന്ന് അമിത്ഷായെ കണ്ടു. മോനെ മന്ത്രിയാക്കണം ഈയവസരങ്ങളിലെ വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളും അഭിപ്രായങ്ങളും തട്ടി വിട്ടു. അതിലൊന്ന് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
കോഴിക്കോട്, മാന്‍ഹോളില്‍പെട്ട രണ്ട് പേരെ, രക്ഷിക്കാനിറങ്ങി, സ്വന്തം ജീവന്‍ കുരുതി നല്‍കിയ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ വിധവക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പത്തുലക്ഷം സഹായ ധനം നല്‍കിയപ്പോള്‍, വെള്ളാപള്ളി പറഞ്ഞത് അത് മുസ്ലീമായതുകൊണ്ടാണ്, നമ്മുടെ ജാതിയില്‍പെട്ട ആളായിരുന്നെങ്കില്‍ നല്‍കില്ലായിരുന്നു എന്ന്. വികലവും വിചിത്രവുമായ ഈ അഭിപ്രായത്തെ ബി.ജെ.പി നേതാക്കള്‍ പോലും പിന്തുണച്ചില്ല. ബി.ഡി.ജെ.എസ് നഷ്ടക്കച്ചവടമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതു തുഷാറിനെ ഏല്‍പിച്ചു. തുഷാറിന് നഷ്ടക്കച്ചവടം നടത്തി നല്ല എക്‌സ്പീരിയന്‍സുണ്ടല്ലോ.
ജാതിയമായി മാത്രം ചിന്തിക്കുന്ന, ജാതിയില്‍ അഭിരമിക്കുന്ന നാടേശനറിയുമല്ലോ മകനെ സഹായിച്ച് യൂസുഫലി ഏത് ജാതിക്കാരനാണെന്ന്. ശബരി മലയില്‍, സ്ത്രീ പ്രവേശനത്തിന് അയപ്പ കര്‍മ്മ സിമിതിയും ബി.ജെ.പി നയിച്ച് പ്രക്ഷോഭത്തില്‍ പിണറായിയെ സഹായിച്ചു. വനിതാ മാര്‍ച്ചിന്റെ വിജയത്തിന്, എസ്.എന്‍.ഡി.പി സ്ത്രീകളുടെ നല്ല പങ്കാളിത്തമുണ്ടായി. വിജയന്റെ വിളി പ്രത്യുപകാരമാകാം ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാനുള്ള താണല്ലോ. എന്നാലും ഒരു കോടി തൊണ്ണൂറ് ലക്ഷത്തിന്റെ പ്രത്യുപകാരമോ അമ്പമ്പോ!
കേസ് നല്‍കിയ നാസില്‍ അബ്ദുല്ല ഒത്തു തീര്‍പ്പിന് തയ്യാറായി മധ്യസ്ഥരുമായി ചര്‍ച്ച നടത്തി, ഇരുപത് കോടിയില്‍ നിന്ന് ആറ് കോടിയിലേക്ക് ഇറങ്ങാന്‍ തയ്യാറായത്രേ. കണക്ക് സത്യമാണെങ്കില്‍ എന്തിനാണ് ഇത്രയും വിട്ടുവീഴ്ച്ച ചെയ്യുന്നത്. പത്ത് വര്‍ഷം മുന്‍പത്തെ ഇടപാടാണെങ്കില്‍ കിട്ടേണ്ട സംഖ്യ പലിശയടക്കം കിട്ടേണ്ടതല്ലേ. എഴുപത് ശതമാനം നഷ്ടപ്പെടുത്തി ഡിക്ലയര്‍ ചെയ്യാന്‍ സന്നദ്ധനെങ്കില്‍ അത്രയും നഷ്ടപ്പെടാനുള്ള സാമ്പത്തിക ബലം നാസിലിനുണ്ടോ?
~ഒന്നും മനസിലാവുന്നില്ല. സത്യം രണ്ട് പേര്‍ക്കും നടുവിലാണ്. ഇരുപതു കോടി കിട്ടാനുള്ള ഒരാള്‍ അത് ഈടാക്കാന്‍, ഒടുവില്‍ നിയമ സഹായം തേടാന്‍ പത്ത് വര്‍ഷം കാത്തിരുന്നതെന്തേ. ഇവര്‍ക്കു രണ്ടു പേര്‍ക്കുമല്ലാതെ നിജസ്ഥിതി ദൈവത്തിന് മാത്രമേ അറിയു. കാത്തിരുന്ന് കാണാം.