ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ സന്തോഷ്‌നഗര്‍, മാര, ചെങ്കള തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം വീടുകളില്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ ഒച്ച് നശിപ്പിക്കാന്‍ ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു. ഇതിനായി പത്തംഗ ടീമിന് രൂപം നല്‍കി. പച്ചക്കറി മാലിന്യം നനഞ്ഞ ഉള്ളി ചാക്കില്‍ നിക്ഷേപിച്ചു മെറ്റാല്‍ഡിഹൈഡ് എന്ന രാസവസ്തു വിതറി ഇതിലേയ്ക്ക് ഒച്ചിനെ ആകര്‍ഷിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. പകല്‍ സമയത്തു വിശ്രമിക്കുകയും രാത്രി കാലങ്ങളില്‍ സഞ്ചരിക്കുന്ന ഈ ഒച്ചുകളെ കെണിയില്‍ പെടുത്തി സംഭരിച്ചു നശിപ്പിക്കണം. ഒച്ച് കാണപ്പെടുന്ന പ്രദേശങ്ങളിലെ വീട്ടുകാര്‍ വീടിന് ചുറ്റും ഇത്തരത്തില്‍ കെണികള്‍ ഒരുക്കി നശിപ്പിക്കുന്ന പ്രവര്‍ത്തനം ഒരു മാസം തുടരേണ്ടതാണ്. കാര്‍ഷിക വിളകളുടെ നാശം മാത്രമല്ല, ഒച്ചിന്റെ കാഷ്ടം, സ്രവം എന്നിവ മൂലം കുടിവെള്ള സ്രോതസ്സ് മലിനമാകാന്‍ സാധ്യത ഉണ്ട്. കൈകൊണ്ടു സ്പര്‍ശിച്ചാല്‍ ഇതിന്റെ വിരകള്‍ ശരീരത്തില്‍ കയറി കുട്ടികളില്‍ ഇസ്‌നോഫീലിക് മെനഞ്ചൈറ്റിസ് എന്ന രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.
യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ് ഒച്ചുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹഫീസ് ഷാഫി, രാജേഷ് കെ.എസ്., നാട്ടുകാരായ സിദ്ധിക്ക് സന്തോഷ് നഗര്‍, സുനൈഫ്, ജലില്‍ ബദ്രിയ, ഷിബിലി മാര, ഹമീദ് നെക്കര, നൗഷാദ് എം.കെ., അര്‍ഷാദ്, അബ്ദുള്ള ബോംബെ, ഷാഹുല്‍ ഹമീദ്, ആശ പ്രവര്‍ത്തകരായ ആയ ശശികല, ശര്‍മ്മിള സംസാരിച്ചു.