കുറ്റിക്കോല്‍: പെന്‍ഷന്‍ എന്ന ജീവിതകാലാഭിലാഷം പൂര്‍ത്തിയാക്കിയ കുഞ്ഞമ്മാറമ്മ യാത്രയായി. കുറ്റിക്കോല്‍ മീത്തലെ പാറയില്‍ പരേതനായ കറുവന്‍ മണിയാണിയുടെ ഭാര്യ കുഞ്ഞമ്മാറമ്മ (98) യാണ് വിടപറഞ്ഞത്. ആധാര്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ കുഞ്ഞമ്മാറമ്മയുടെ വാര്‍ധക്യകാല പെന്‍ഷന്‍ അനുവദിക്കാതെ വര്‍ഷങ്ങളോളം അപേക്ഷയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പ്രായാധിക്യം കാരണം ആധാര്‍ കാര്‍ഡ് എടുക്കുന്നതിലെ വിഷമം അധികൃതരെ അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇക്കാര്യം ഉത്തരദേശം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് അക്ഷയ ജീവനക്കാര്‍ ഇവരുടെ വീട്ടിലെത്തി ആധാര്‍ കാര്‍ഡ് ശരിയാക്കി കൊടുത്തു. ആധാര്‍ കാര്‍ഡ് ശരിയായതോടെ പെന്‍ഷനും ലഭിച്ചു തുടങ്ങി. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കുഞ്ഞമ്മാറമ്മ. മക്കള്‍: തമ്പായി, ചെറിയോള്‍, കാര്‍ത്ത്യായണി, കല്യാണി, സാവിത്രി, ശാന്ത, കെ.രാജന്‍, പരേതനായ കൃഷ്ണന്‍. മരുമക്കള്‍: കൃഷ്ണന്‍, ബാലാമണി, പരേതരായ കുഞ്ഞിരാമന്‍, മുത്തു, ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍: നാരായണന്‍, നാരായണി, പരേതരായ കൃഷ്ണന്‍, കുഞ്ഞാമന്‍.