കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ അരുണ്‍ റാമിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഡോക്ടര്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ച് സപ്തംബര്‍ രണ്ടിന് കൂട്ട അവധിയെടുക്കുമെന്ന് കെ.ജി.എം.ഒ അസോസിയേഷന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമരത്തിന് ഐ.എം.എയുടെ പിന്തുണയുമുണ്ടാകും. ജനറല്‍ ആസ്പത്രിയില്‍ ക്യൂ തെറ്റിച്ച് ജനറല്‍ ഒ.പി വിഭാഗത്തില്‍ പ്രവേശിച്ചയാളോട് വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ കയ്യേറ്റം ചെയ്തതെന്നും പിന്നീട് ഡോക്ടര്‍ക്കെതിരേ വ്യാജപരാതി നല്‍കുകയായിരുന്നുവെന്നും അസോസിയേഷന്‍ നേതൃത്വം ആരോപിച്ചു. പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ രണ്ടുതവണ എസ്.പിയെയും കലക്ടറെയും ഡി.എം.ഒയെയും കാണുകയുണ്ടായി. തുടര്‍നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് ആഗസ്ത് 22ന് ഒരു മണിക്കൂര്‍ ആസ്പത്രി പ്രവര്‍ത്തനം സ്തംഭിപ്പിച്ച് പ്രതിഷേധ ധര്‍ണ നടത്തുകയുമുണ്ടായി. എന്നാല്‍ ഡോക്ടര്‍ക്കെതിരേ നടന്നത് ജാമ്യമില്ലാത്ത കുറ്റമായിട്ടുപോലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനുപകരം ഡോക്ടര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വ്യാജപരാതിയുടെ പേരില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ്. ജുലായ് 20ന് നടന്നുവെന്ന പറയുന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്നും പരാതി വ്യാജമാണെന്നതിന് തെളിവാണ്. എന്നാല്‍ വ്യാജപരാതി കണ്ട് പിന്മാറില്ലെന്നും ഡോ. അരുണ്‍ റാമിനെതിരേയുള്ള കയ്യേറ്റത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്നും അസോസിയേഷന്‍ നേതൃത്വം വ്യക്തമാക്കി. ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളും പൊലിസിന്റെ നിഷ്‌ക്രിയതയും ആസ്പത്രിക്കെതിരെ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തില്‍ ഡോക്ടര്‍മാരായ എ. ജമാല്‍ അഹ്മദ്, ബി. നാരായണ നായ്ക്ക്, നാരായണ പ്രദീപ്, വി. സുരേഷ്, സി.എച്ച് ജനാര്‍ദന നായ്ക്, ആര്‍.കെ രമ്യ, അരുണ്‍ റാം സംബന്ധിച്ചു.