ഷബീര്‍ പൊയക്കരയുടെ വേര്‍പാട് ഉണ്ടാക്കിയ വേദന ചെറുതല്ല. തെരുവത്ത് പ്രദേശവും ഷബീറിനെ അറിയുന്നവരുമെല്ലാം ആ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ല. ജില്ലാ ക്രിക്കറ്റ് താരവും തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനുമൊക്കെയായി ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ നിറഞ്ഞു നിന്ന ഷബീറിനെ ആര്‍ക്കും മറക്കാനാവില്ല. ക്രിക്കറ്റില്‍ ഈ ഓള്‍റൗണ്ടറുടെ സംഭാവന ചെറുതായിരുന്നില്ല. ഏത് ടീമിനെയും നേരിടാനുള്ള കളി മികവ് പുറത്തെടുക്കാന്‍ തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ കളിക്കാര്‍ക്ക് എന്നും ഉത്തേജനവും പ്രോത്സാഹനവും നല്‍കിയ ക്യാപ്റ്റനായിരുന്നു ഷബീര്‍. മാന്യയില്‍ കെ.സി.എ. സ്റ്റേഡിയം യാഥാര്‍ത്ഥ്യമായപ്പോള്‍ ഏറെ സന്തോഷിക്കുകയും തങ്ങള്‍ക്ക് കളിക്കാന്‍ മികച്ചൊരു കളി സ്ഥലം കിട്ടിയെന്ന് അഭിമാനിക്കുകയും ചെയ്തിരുന്നു. തെരുവത്ത് ദേശത്തിന്റെ കായിക രംഗം പരിപോഷിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കൂടിയായ കെ.എം. അബ്ദുല്‍റഹ്മാന്റെ നേതൃത്വത്തില്‍ തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഭാരവാഹികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ക്രിക്കറ്റ് താരങ്ങളില്‍ പ്രമുഖനായിരുന്നു ഷബീര്‍. ഷബീറിന്റെ പിതാവ് പൊയക്കര ഉമ്പുവും കായിക രംഗത്ത് പ്രതിഭ തെളിയിച്ചിരുന്നു. ഫുട്‌ബോളിലും ക്രിക്കറ്റിലുമൊക്കെ പൊയക്കര ഉമ്പു നിറഞ്ഞു നിന്നിരുന്ന കാലമുണ്ടായിരുന്നു. വാപ്പയുടെ വഴിയേ തന്നെയാണ് ഷബീറും സഞ്ചരിച്ചത്. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന് ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു അവന്‍.
കായിക രംഗത്ത് എന്ന പോലെ സേവന-കാരുണ്യ മേഖലയിലും വലിയ തല്‍പ്പരനായിരുന്നു. തെരുവത്തെ ചെറുപ്പക്കാരുടെ എല്ലാ നല്ല കാര്യങ്ങളിലും മുന്‍ നിരയില്‍ ഷബീറും ഉണ്ടായിരുന്നു. ഏത് പരിപാടി വരുമ്പോഴും കൈമെയ് മറന്ന് അത് വിജയിപ്പിക്കാന്‍ തോളോട് തോള്‍ ചേര്‍ത്ത് നില്‍ക്കാറുള്ള തെരുവത്തെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ പുഞ്ചിരിയോടെ ഷബീറും ഉണ്ടാവും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഒരു വിള്ളലും കൂടാതെ ഭംഗിയായി നിര്‍വ്വഹിക്കാന്‍ ഷബീറിന് കഴിഞ്ഞിരുന്നു.
ഇല്ല… ആ പുഞ്ചിരി മായില്ല. പരിചയപ്പെടുന്നവരെയൊക്കെ കീഴ്‌പ്പെടുത്തുന്ന പുഞ്ചിരിയായിരുന്നു അത്. ഇന്നലെ മരണവിവരം അറിഞ്ഞ് തെരുവത്തെ വീട്ടിലേക്കും രാത്രി മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്കും ഒഴുകിയെത്തിയ ജനസഞ്ചയം അതാണ് തെളിയിക്കുന്നത്. പാഡണിഞ്ഞ്, കയ്യില്‍ ബാറ്റുമേന്തി ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഷബീറിനെ ഇനി കാണില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പരേതന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍