ഷബീര്‍ പൊയക്കര എന്ന കൂട്ടുകാരന്‍ എന്നും ഇളംപുഞ്ചിരിയോടെ ആരെയും സ്‌നേഹിക്കുന്ന ചങ്ങാത്തവുമായി എല്ലാവര്‍ക്കുമിടയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നല്ല മനസ്സുള്ള ചെറുപ്പക്കാരനായിരുന്നു അവന്‍. കഴിഞ്ഞ റമദാന്‍ കാലത്ത് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് അത്താഴത്തിനും നോമ്പ് തുറക്കും വിഭവങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ ഉത്സാഹത്തോടെ ഇറങ്ങിയ തെരുവത്തെ ചെറുപ്പക്കാരുടെ മുന്‍നിരയില്‍തന്നെ ഷബീറും ഉണ്ടായിരുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളോട് എന്നും ആവേശമായിരുന്നു ഷബീറിന്. ബ്ലൈസ് തളങ്കര അടക്കമുള്ള സംഘടനകള്‍ നടത്താറുള്ള നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ശരീരം കൊണ്ട് തന്റെ എന്ത് സഹായം വേണമെങ്കിലും ചോദിക്കണമെന്ന് പറയാറുമുണ്ടായിരുന്നു. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ടീമിന്റെ വിജയത്തിനും ഒത്തൊരുമക്കും വേണ്ടി ഷബീര്‍ നടത്തിയിരുന്ന പ്രവര്‍ത്തനം ആരേയും അസൂയപ്പെടുത്തുന്നതായിരുന്നു. തെരുവത്ത് സ്‌പോര്‍ട്ടിംഗിന്റെ എല്ലാ വിജയത്തിലും ഈ മേഖലയില്‍ നിന്ന് പുതിയ തലമുറയെ കായിക രംഗത്തേക്ക് കൈ പിടിച്ച് കൊണ്ടുവരുന്നതിലും ഷബീറിന്റെ വലിയ പ്രയത്‌നം ഉണ്ടായിരുന്നു. മുസ്ലിം ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് സ്‌കൂള്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തിലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഷബീറിന്റെ വിയോഗം ഒരിക്കലും താങ്ങാന്‍ കഴിയാത്തതാണ്. ആ വിയോഗം ഉണ്ടാക്കിയ വേദനയില്‍ നിന്ന് ഷബീറിന്റെ കുടുംബത്തിന് എത്രയും പെട്ടെന്ന് മോചനമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.