കാസര്‍കോട്: പ്രതി മരണപ്പെട്ടതായി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ കൊല്ലപ്പെടുത്തിയ കേസ് കോടതി അവസാനിപ്പിച്ചു. രാവണീശ്വരം കൊട്ടിലങ്ങാട്ടെ രഘുനാഥ് കൊല്ലപ്പെട്ട കേസാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി അവസാനിപ്പിച്ചത്. രഘുനാഥിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാവണീശ്വരത്തെ ഗോപി (50) മരണപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസിന്റെ വിചാരണാ നടപടികള്‍ കോടതിയില്‍ ആരംഭിച്ചിരുന്നു. പ്രതി മരിച്ച സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിക്കുകയാണുണ്ടായത്. 2017 ഏപ്രില്‍ രണ്ടിനാണ് രഘുനാഥിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവണീശ്വരം സ്‌കൂളിന് സമീപത്തെ കെട്ടിട വരാന്തയില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഗോപി രഘുനാഥിന്റെ തോര്‍ത്തു കൊണ്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള കുഴിയെടുത്തതിനെ തുടര്‍ന്ന് രഘുനാഥിനും ഗോപിക്കും കൂലി ലഭിച്ചിരുന്നു. ഇത് വീതം വെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.