കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം പൂര്‍ത്തിയായില്ല. കേസിന്റെ വിചാരണ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. റിയാസ് മൗലവി വധക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ. സുധാകരനെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിസ്തരിച്ചു. പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റ് തൊണ്ടിമുതലുകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു. വിസ്താരം പൂര്‍ത്തിയായിട്ടില്ല.
വിചാരണ കോടതി സെപ്തംബര്‍ 18ലേക്ക് മാറ്റിവെച്ചു. അന്ന് പി.കെ സുധാകരനെ വീണ്ടും വിസ്തരിക്കും. കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ ജില്ലാ കോടതിയില്‍ രണ്ടാംതവണയും ഹരജി നല്‍കിയിരുന്നു. ഈ ഹരജിയില്‍ ഇതുവരെ തീരുമാനമൊന്നുമുണ്ടായിട്ടില്ല.