കാഞ്ഞങ്ങാട്: വടംവലിയിലെ പെണ്‍കരുത്താവുകയാണ് വാസന്തി. പുരുഷ മേല്‍ക്കോയ്മയുള്ള കായിക വിനോദമാണെന്നാണ് കേട്ടുകേള്‍വിയെങ്കിലും അത് മാറ്റിമറിക്കുകയാണ് ഈ കായികാധ്യാപിക.
പരിശീലനം നേടാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ പലരും നിരുത്സാഹപ്പെടുത്തുന്ന സമീപനം പല കോണുകളില്‍ നിന്നുണ്ടായെങ്കിലും അവയെല്ലാം അവഗണിച്ചപ്പോള്‍ നേടാനായത് ജൂനിയര്‍ ബോയ്‌സ് ടീമിന്റെ ആദ്യ വനിത പരിശീലകയെന്ന റെക്കോര്‍ഡ്.
ജൂനിയര്‍ ബോയ്‌സ് ടീമിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിത പരിശീലക കൂടിയാണ് ഇവര്‍. കുണ്ടംകുഴി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായികാധ്യാപികയാണ് കെ. വാസന്തി.
സംസ്ഥാന വടംവലി അസോസിയേഷന്‍ കഴിഞ്ഞ ദിവസം മൊകേരിയില്‍ നടത്തിയ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ആദരിച്ചിരുന്നു. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ച ഈ ചാമ്പ്യന്‍ഷിപ്പില്‍ താരപരിവേഷംലഭിച്ചതും കാസര്‍കോട് ജില്ല പുരുഷ ടീം കോച്ച് കെ.വാസന്തിക്കായിരുന്നു. വടം വലിയുടെ ലോകത്തേക്ക് വാസന്തി ടീച്ചര്‍ കടന്നു വന്നിട്ട് വെറും നാല് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ചുരുങ്ങിയ കാലയളവിനുള്ളിലാണ് ദേശീയ സംസ്ഥാന തലത്തെ മികച്ച പരിശീലകയായി ഇവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞത്. മൂന്നുവര്‍ഷം കോഴിക്കോട് സര്‍വകലാശാല ക്രിക്കറ്റ് ടീമിലും രണ്ടുവര്‍ഷം കേരള സര്‍വ്വകലാശാല ടീമിലും അംഗമായിരുന്നു വാസന്തി. സംസ്ഥാന വനിത ഫുട്‌ബോള്‍ ടീമംഗവുമായിരുന്നു അവര്‍. ഹോക്കിയിലും സജീവമായിരുന്നു.
2017ല്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ വാസന്തിയുടെ ടീം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. വാസന്തിക്ക് കൂട്ടായി ടി.ടി.സിബിള്‍ എന്ന അധ്യാപികയുമുണ്ട്. രണ്ടുപേരും കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകരാണ്. ഇപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ മുന്നൂറിലധികം കുട്ടികള്‍ പരിശീലനം നേടുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ മൊകേരിയില്‍ നടന്ന സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ല നാല് മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.
ജൂനിയര്‍ 520 കിലോ മിക്‌സഡ് വിഭാഗത്തില്‍ ഒന്നാംസ്ഥാനവും 540 കിലോ വിഭാഗങ്ങളില്‍ രണ്ടാംസ്ഥാനവും സീനിയര്‍ 640 കിലോ ജൂനിയര്‍ 560 കിലോ വിഭാഗങ്ങളില്‍ മൂന്നാംസ്ഥാനവുമാണ് നേടിയത്. ചാമ്പ്യന്‍ഷിപ്പിലെ ജില്ലയുടെ നേട്ടത്തിന് പിന്നില്‍ വാസന്തി ടീച്ചറുടെ കഠിന പ്രയത്‌നം തന്നെയാണ്.