കാഞ്ഞങ്ങാട്: കുഴികള്‍ നിറഞ്ഞ ചെറുവത്തൂര്‍-പിലിക്കോട് ദേശീയപാതയില്‍ കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മുന്നിലെ പിക്കപ്പ് വാനിലിടിച്ച് വീണ് ബാങ്ക് ചീഫ് മാനേജര്‍ മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂരിലെ ചീഫ് മാനേജര്‍ കാസര്‍കോട് കൂഡ്‌ലു രാംദാസ് നഗര്‍ വീവേഴ്‌സ് കോളനിയിലെ കെ. ഗിരീഷ് കുമാര്‍ (46) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് പിലിക്കോട് തോട്ടത്തിലാണ് അപകടം. ഗിരീഷ് കുമാര്‍ ബുള്ളറ്റ് ബൈക്കില്‍ കണ്ണൂരിലേക്ക് പോവുകയായിരുന്നു. നിറയെ കുഴികളുള്ള റോഡിലായിരുന്നു അപകടം. പിന്‍ഭാഗത്ത് നിന്നും വന്ന കാര്‍ ബൈക്കില്‍ ഉരസിയിരുന്നു. തുടര്‍ന്നാണ് ബൈക്ക് നിയന്ത്രണം വിട്ട് മുന്നിലോടിയ പിക്കപ്പില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. തെറിച്ചുവീണ ഗിരീഷ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നു. കണ്ണൂരിലെ ആവശ്യത്തിനായി ബുള്ളറ്റ് അങ്ങോട്ടേക്ക് കൊണ്ടുപോകാനാണ് ഇന്ന് എടുത്തത്. പതിവായി തീവണ്ടിയിലായിരുന്നു പോയിരുന്നത്.
പരേതനായ ദാമോദരന്റെയും ചന്ദ്രാവതിയുടേയും മകനാണ്. ഭാര്യ: അമ്പിളി (അധ്യാപിക). മകള്‍: അനഘ. സഹോദരങ്ങള്‍: ഹരീഷ്, കിഷന്‍രാജ്, അനിത.