കാസര്‍കോട്: മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട്-കുടക് സ്വദേശികളായ രണ്ടംഗ സംഘം പാലക്കാട് പൊലീസിന്റെ പിടിയിലായി. കാസര്‍കോട്ടെ ഫയാസ് എന്ന ഹസ്സനാര്‍ (25), കര്‍ണാടക കുടക് സ്വദേശി റാഷിദ് (25) എന്നിവരെയാണ് പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിന്നാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരെന്നും ഒരുമാസം 70 കിലോ കഞ്ചാവ് ഇവര്‍ വില്‍ക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായെന്നും പൊലീസ് പറഞ്ഞു.