കാസര്‍കോട്: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വ്വാഹക സമിതി അംഗമായി തളങ്കര സ്വദേശിയും ബ്ലൈസ് തളങ്കരയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ധിഖ് ചക്കര തിരഞ്ഞെടുക്കപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംഘടനാ രംഗത്ത് കഴിവ് തെളിയിച്ച സിദ്ധിഖിന്റെ പേര് മാത്രമേ കാസര്‍കോട് ജില്ലയില്‍ നിന്ന് എക്‌സിക്യൂട്ടീവ് അംഗത്വത്തിലേക്ക് ഉണ്ടായിരുന്നുള്ളൂ. 2015 മുതല്‍ 18 വരെ കെ.എഫ്.എ.യുടെ ജനറല്‍ ബോഡി അംഗമായിരുന്നു. 2017ല്‍ ചത്തീസ്ഗഡില്‍ നടന്ന ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമിന്റെ മാനേജരുമായിരുന്നു. ഫുട്‌ബോള്‍ രംഗത്തേക്ക് കടന്നു വരുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലും ടൂര്‍ണമെന്റുകളും കോച്ചിംഗ് ക്യാമ്പുകളും സംഘടിപ്പിക്കുന്നതിലും അതീവ താല്‍പര്യം കാണിക്കാറുള്ള സിദ്ധിഖ് ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ്. കഴിഞ്ഞ തവണ തായലങ്ങാടി സ്വദേശിയും നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടുമായ കെ.എം. ഹാരിസ് ആയിരുന്നു കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെ.എഫ്.എ. നിര്‍വ്വാഹക സമിതി അംഗം.