കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ എത്തിയ കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ചെയ്ത ഡോ. അരുണ്‍ റാമിനെ അറസ്റ്റ് ചെയ്യണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലായ് 20ന് ബേക്കല്‍ സ്വദേശിയായ റാഷിദും ഭാര്യയും കുഞ്ഞുമായി രണ്ട് മക്കള്‍ക്കൊപ്പം ഉച്ചയ്ക്ക് ജനറല്‍ ആസ്പത്രിയിലെത്തിയതായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിന് 12.57ന് ഒ.പി. ടിക്കറ്റ് നല്‍കി. ഡോക്ടറുടെ ക്യാബിനിലെത്തിയപ്പോള്‍ ഒരു വനിതാ ഡോക്ടര്‍ കുട്ടിയെ നോക്കാന്‍ കഴിയില്ലെന്നും ഒരു മണിക്ക് പോകാനുണ്ടെന്നും കര്‍ക്കശകമായി പറയുകയായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയിലാണെന്നും പരിശോധിച്ച് ടെസ്റ്റിനെങ്കിലും എഴുതി തരണമെന്ന് പറഞ്ഞു. ഇതിനിടെ അവിടെയെത്തിയ ഡോക്ടര്‍ അരുണ്‍ റാം റാഷിദിനോട് കയര്‍ത്ത് സംസാരിക്കുകയും പിന്നീട് പിടിച്ച് തള്ളുകയുമായിരുന്നു. കുഞ്ഞിനെ പരിശോധിച്ചില്ലെങ്കില്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പറഞ്ഞതോടെ റാഷിദിനെ അക്രമിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന ഭാര്യയെയും കുഞ്ഞിനെയും ഡോക്ടര്‍ തള്ളിയിടുകയായിരുന്നു. അന്ന് തന്നെ സംഭവത്തില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. എന്നാല്‍ കേസെടുക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ അന്ന് ഡോക്ടറുടെ പരാതിയെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിച്ചു എന്ന് പറഞ്ഞ് കള്ളകേസ് കൊടുക്കുകയും കുടുംബത്തെ പീഡിപ്പിക്കുകയും ചെയ്യുകയാണ്. ഇതിന്റെ പേരില്‍ ഒ.പി. നിര്‍ത്തിവെച് സമരം ചെയ്യുന്നത് പാവപ്പെട്ട രോഗികളോട് കാണിക്കുന്ന വെല്ലുവിളിയാണ്. റാഷിദിനെയും കുഞ്ഞിനെയും കുടുംബത്തേയും കള്ള കേസില്‍ കുടുക്കിയ ഡോ. അരുണ്‍ റാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ ആസ്പത്രിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി ഷാഫി സുഹരി പടുപ്പ്, ട്രഷറര്‍ പി.എച്ച്. ഹനീഫ് ഹദ്ദാദ്, അന്‍വര്‍ മാങ്ങാടന്‍, സിദ്ദീഖ് ചെങ്കള, സി.എല്‍. നാസര്‍ കുളിയങ്കാല്‍, സാദിഖ് കടപ്പുറം, ആഷിഫ് ഹദ്ദാദ്, ജലീല്‍ ബേക്കല്‍ സംബന്ധിച്ചു.