ശശി തരൂരിനോട് ആദരവും ബഹുമാനവും എനിക്കുണ്ട്. ശശി തരൂര്‍ എന്ന രാഷ്ട്രീയക്കാരനോടല്ല. രണ്ട് ദാമ്പത്യ പരാജയങ്ങള്‍ക്ക് ഉടമയായ, ദുരൂഹമായ ഒരു മരണത്തിന്റെ പേരില്‍ കുറ്റം ചാര്‍ത്തപ്പെടുകയും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ശശി തരൂര്‍ എന്ന മനുഷ്യനോടല്ല. ശശി കപൂര്‍ എന്ന എഴുത്തുകാരനെ സ്‌നേഹിക്കാതിരിക്കാനും മാനിക്കാതിരിക്കാനുമാവില്ല. ‘വൈ അയാം ഹിന്ദു’ എന്ന പുസ്തകം ഹിന്ദുത്വത്തിന്റെ പേരില്‍ ഇന്ന് ആടുന്ന കൂത്തരങ്ങല്ല. യഥാര്‍ത്ഥ ഹിന്ദുയിസം എന്ന് കാര്യ കാരണ സഹിതം ആ പുസ്തകം ബോധ്യപ്പെടുത്തുന്നുണ്ട്. പ്രതിപാദ്യത്തിലും പ്രതിപാദന രീതിയിലും പ്രേഷ്യ പുലര്‍ത്തുന്ന, എഴുതുന്ന വിഷയത്തോട് പൂര്‍ണ്ണമായും നീതി കാട്ടാന്‍ അവഗാഹമായ പാണ്ഡിത്യം അദ്ദേഹം ഹൈക്വാളിറ്റി റൈറ്ററായി ഇന്ത്യന്‍ ഇംഗ്ലീഷ് സാഹ്യലോകം ഉയര്‍ത്തികാട്ടുന്നു. മോദി സ്തുതിയുടെ പേരില്‍ ഇപ്പോള്‍ കെ.പി.സി.സി. പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. അപ്പോഴും ഒരു സത്യം ഓര്‍ക്കേണ്ടതുണ്ട്. അപ്പോഴും ഒരു സത്യം ഓര്‍ക്കേണ്ടതുണ്ട്. മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കോടതിയില്‍ കേസ് നേരിടുന്ന ഏക കോണ്‍ഗ്രസുകാരനാണ് ശശി തരൂര്‍. മോദി ഇന്ത്യയെ ഹിന്ദുപാക്കിസ്ഥാനാക്കുന്നു എന്ന പ്രസ്താവനയാണ് കൊല്‍ക്കത്ത കോടതിയില്‍ വ്യവഹാരത്തിന് ആധാരമായത്. മറ്റൊരു പ്രസ്താവന വലിയ വിവാദമായി. മോദി ഭരണത്തെ ശിവലിംഗഹത്തില്‍ തേള്‍ കയറിയത് പോലെ എന്നുപമിച്ചതാണത്. കൈ കൊണ്ട് തട്ടി നീക്കാനും പറ്റില്ല. ചെരിപ്പു കൊണ്ട് അടിച്ചു കൊല്ലാനുമാവില്ല. ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ മോദി സര്‍ക്കാര്‍ രണ്ട് ബില്ലുകള്‍, മുത്തലാഖും വിവരാവകാശ നിയമവും അവതരിപ്പിക്കപ്പെട്ടപ്പോള്‍ നിശിതമായി വിമര്‍ശിക്കാനുണ്ടായത് കേരളത്തില്‍ നിന്ന് ശശി തരൂരും എന്‍.കെ പ്രേമചന്ദ്രനും മാത്രമാണ്.
പാവം തരൂര്‍ ഇപ്പോള്‍ മോദി സ്തുതിയുടെ പേരില്‍ വേട്ടയാടപ്പെടുന്നു. നല്ലതിനെ നല്ലതെന്ന് പറഞ്ഞില്ലെങ്കില്‍ മോശത്തിനെ മോശം എന്ന് പറയുമ്പോള്‍ ആര് വിശ്വസിക്കാന്‍ എന്നാണ് തരൂര്‍ പറയുന്നത്. നരേന്ദ്രമോദി അന്താരാഷ്ട്ര തലത്തില്‍ യോഗ പ്രമോട്ട് ചെയ്തതും ഉത്തരേന്ത്യയില്‍ ശൗചാലയ വിപ്ലവം നടന്നതുമാണ് തരൂരിന്റെ നല്ല വാക്കുകള്‍ക്ക് നിമിത്തമായത്. ജയറാം രമേശ്, ദിഗ് വിജയ് സിംഗ്, ഭൂപീന്ദര്‍ ഹൂഡ. മനുഅഭിഷേക് സിങ്‌വി, ജനാര്‍ദ്ദന ദ്വിവേദി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നരേന്ദ്രമോദിയെ പുകഴ്ത്തിയിട്ടുണ്ട്. കെ.പി.സി.സി ആവശ്യപ്പെട്ട് ഹൈക്കമാണ്ട് നടപടിയെടുക്കാന്‍ ഇനി ഇവരെയൊക്കെ വരി വരിയായി നിര്‍ത്തി നടപടിയെടുക്കേണ്ടി വരും. ഇത് ഒരു ഗുണവുമില്ലാത്ത ഒരാഴ്ച മാത്രം ആയസുള്ള വാക്‌യുദ്ധമായി മാത്രം കത്തിത്തീരും.
ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങളുടെ സത്യാവസ്ഥ പ്രതിപക്ഷ കണ്ണോടെ കാണാതെ നിഷ്പക്ഷതയോടെ നോക്കി കാണേണ്ടതുണ്ട്. മതപരിവേഷമില്ലെങ്കില്‍ നല്ലൊരു ജീവിത ശൈലിയായും വ്യായാമ മുറയായും അംഗീകരിക്കാം. വേണ്ടവര്‍ക്ക് സ്വീകരിക്കാം. വേണ്ടാത്തവര്‍ക്ക് ഒഴിവാക്കാം. നൂറ്റി മുപ്പത് കോടി ഇന്ത്യന്‍ ജനതയും യോഗ ചെയ്യണമെന്ന് മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ചില്ല. നിര്‍ദോഷമായ നടപടി തന്നെയാണത്. ഇനി നമുക്ക് മൂക്ക് പൊത്താതെ തന്നെ ശൗചാലയങ്ങളിലേക്ക് കടക്കാം. രണ്ടാം തവണയും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരാനുള്ള സാധ്യത മുമ്പേ തെളിഞ്ഞിരുന്നു. പ്രതിപക്ഷം അലക്ഷ്യവും ശിഥിലവുമാണെന്നതു തന്നെ കാരണം. പക്ഷെ ആരെയും അമ്പരിപ്പിക്കുന്ന മഹാ വിജയം നേടിയത് ഗ്രാമാന്തരങ്ങളില്‍ പണിത് കൊടുത്ത ലക്ഷക്കണക്കിന് കക്കൂസുകളിലൂടെയാണ്. രണ്ടാം യു.പി.എ ഭരണകാലത്ത് ജയറാം രമേശ് ഇത്തരമൊരു ടോയ്‌ലറ്റ് വിപ്ലവത്തിന് രൂപരേഖ നല്‍കിയെങ്കിലും മന്‍മോഹന്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഫലമോ?
നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യന്‍ ട്രെയ്‌നില്‍ ഏറെ യാത്ര നടത്തിയ ആളാണ് ഞാന്‍. പുലര്‍ച്ചെ തീവണ്ടി ഗ്രാമാന്തരങ്ങളിലൂടെ ഓടുമ്പോള്‍ പുറത്ത് നോക്കിയാല്‍ കാണാവുന്നത് അവിടെ അവിടെയായി തൂറുന്ന ദരിദ്രമുഖങ്ങളെയാണ്. തൂറലാണ് ശരി മലമൂത്ര വിസര്‍ജ്ജനമല്ല. ടൂറിസ്റ്റുകള്‍ ഒരു കൗതുകകാഴ്ചയെന്നോണം ബൈനോക്കുലറിലൂടെ ആസ്വദിക്കുന്നുണ്ട്. ചിലേടത്ത് അന്വോന്യം സംസാരിച്ച് വരിവരിയായി കുത്തിയിരുന്ന് തൂറുന്നു. നാണമില്ലാതെ മറയില്ലാതെ എല്ലാവരും തുല്യരായാല്‍ എന്തിന് നാണിക്കണം.
ദുര്‍ഗന്ധ പൂരിതമായ ഈ ദുരവസ്ഥ തോത് കുറച്ചെങ്കിലും അടുത്ത കാലം വരെ ഉണ്ടായിരുന്നെന്നും എന്നത് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നോട്ടക്കുറവും നേട്ടക്കുറവുമായി അവശേഷിച്ചു. സൗജന്യമായി ലക്ഷക്കണക്കിന് ടോയ്‌ലെറ്റുകള്‍ ദരിദ്ര ജനങ്ങള്‍ക്ക് പണിത് നല്‍കി. മോദി അവരുടെ ഹൃദയത്തില്‍ ഇടം പിടിച്ചു. തിന്നാന്‍ കൊടുത്തില്ലെങ്കിലും തൂറാന്‍ സൗകര്യം കൊടുത്തല്ലോ. ഇത് നല്ല കാര്യമാണെന്ന് തരൂര്‍ പറഞ്ഞത് മോദി സ്തുതിയാവുന്നതെങ്ങനെ? തൊണ്ണൂറു ശതമാനം തെറ്റു ചെയ്യുന്നൊരാള്‍ക്ക് പത്ത് ശതമാനം നന്മ ചെയ്യാനാവില്ലെന്നുണ്ടോ?
ഇനി ശശി തരൂരിലേക്കു തന്നെ മടങ്ങാം. രണ്ട് വട്ടം തിരുവനന്തപുരം സീറ്റില്‍ ജയിച്ച ശശി തരൂര്‍ ഇക്കുറി ആപ്പിലായത് തന്നെ എന്ന് കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിച്ചു. കെ.പി.സി.സി ഉള്ളാലെ സന്തോഷിച്ചു. ശശി തരൂര്‍ ഒരിക്കലും അവര്‍ക്ക് അഭികാമ്യനല്ല, ഔട്ട് സൈഡറാണ്. സീറ്റുകള്‍ക്ക് അവകാശവാദവും തര്‍ക്കവും ഉണ്ടായില്ലെങ്കില്‍ എന്ത് കോണ്‍ഗ്രസ്. പക്ഷെ തിരുവനന്തപുരം ആര്‍ക്കും വേണ്ട. ചാനല്‍ പ്രവാചകരും മാധ്യമ ജ്യോതിഷികളും ബി.ജെ.പി.ക്ക് തീറെഴുതിക്കൊടുത്ത സീറ്റാണ് തിരുവനന്തപുരം. കെ.പി.സി.സി.യും കണക്ക് കൂട്ടിയും കിഴിച്ചും അവലോകനം ചെയ്തു. പതിനെട്ട് സീറ്റ് കിട്ടും. ആലത്തൂരും തിരുവനന്തപുരവുമൊഴികെ. ബി.ജെ.പി സ്ഥാനാര്‍ത്ഥി സാക്ഷാല്‍ കുമ്മനം. കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചില്ല. തരൂര്‍ രാഹുല്‍ഗാന്ധിയോട് നേരിട്ട് പരാതിപ്പെട്ടു. ആരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നില്ല. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ് പരിക്ക് പറ്റി. അപശകുനം. പക്ഷെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ശശിതരൂര്‍ സുഗമമായി ജയിച്ചു. നന്ദിയാരോട് ചൊല്ലേണ്ടും എന്നു പാടേണ്ടി വന്നില്ല. കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച രാഹുല്‍ ഗാന്ധിയോടും തന്റെ ശുക്രദശയോടും.
ഒടുവില്‍ ശശി തരൂര്‍ വിശദീകരണം നല്‍കി. തന്റെ വിമര്‍ശനത്തിന്റെ പത്ത് ശതമാനം പോലും കേരളത്തിലെ നേതാക്കള്‍ മോദിയെ വിമര്‍ശിച്ചിട്ടില്ലെന്ന് തരൂര്‍. വാസ്തവമുണ്ട് ആ വാക്കുകളില്‍. പ്രളയ ദുരിതത്തിന്റെ പേരിലും പൊലീസ് അതിക്രമത്തിന്റെ പേരിലും പിണറായിയെ വിമര്‍ശിച്ച് സമയം കിട്ടേണ്ടേ മോദിയെ വിമര്‍ശിക്കാന്‍. ദേശീയ തലത്തില്‍ കേരളത്തിലെ ഏത് നേതാക്കളെക്കാളും ഖ്യാതിയുണ്ട് തരൂരിന്. പാര്‍ലമെന്റിലെ ഉജ്ജ്വലപ്രകടനം കണ്ട് സോണിയാ ഗാന്ധിക്കും തോന്നിയിരിക്കണം. പാര്‍ലമെന്ററി പാര്‍ട്ടി പ്രസിഡണ്ടാക്കണമായിരുന്നു എന്ന്. തരൂരിനെ വിമര്‍ശിച്ച് മോദി പാളയത്തിലെത്തിക്കല്ലേ എന്ന് എം.കെ മുനീര്‍ പോസ്റ്റ് ചെയ്തത് ചേര്‍ത്തു വായിക്കുക
തരൂരിനെ വെറുതെ വിടുക.