കാസര്‍കോട്: മീന്‍ പിടിക്കുന്നതിനിടെ ചന്ദ്രഗിരി പുഴയില്‍ വീണ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചക്ക് രണ്ടരമണിയോടെ കൊറക്കോട് ബിലാല്‍ പള്ളിക്ക് സമീപമാണ്, ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ യുവാവ് അബദ്ധത്തില്‍ പുഴയില്‍ വീണത്. കുറച്ച് അകലെ മീന്‍ പിടിക്കുകയായിരുന്നവര്‍ യുവാവ് പുഴയില്‍ വീഴുന്നത് കണ്ടതായി വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി. രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വരയുള്ള നീലകുപ്പായവും പാന്റ്‌സുമാണ് ധരിച്ചിരുന്നത്.
അതേസമയം വിദ്യാനഗര്‍ നെല്‍ക്കളയില്‍ നിന്ന് ഇന്നലെ ഉച്ച മുതല്‍ ഒരു യുവാവിനെ കാണാതായതായി ബന്ധുക്കള്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. സര്‍വ്വീസ് സെന്റര്‍ നടത്തുന്ന യുവാവിനെയാണ് കാണാതായത്. 1മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. യുവാവ് നീല നിറത്തിലുള്ള കുപ്പായമാണ് ധരിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു.