കീഴൂര്‍: മീന്‍ പിടിക്കുന്നതിനിടെ ചന്ദ്രഗിരി പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 7 മണിയോടെ കീഴൂര്‍ കടപ്പുറത്ത് കണ്ടെത്തി. മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരക്കെത്തിച്ചത്. നീല ജീന്‍സ് പാന്റും നീല ഷര്‍ട്ടുമാണ് വേഷം. താടിയുമുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ കോറക്കോട് ബിലാല്‍ പള്ളിക്ക് സമീപം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീഴുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം പുഴയില്‍ കാണാതായ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഞായറാഴ്ച്ച ഉച്ചയ്ക്ക് വിദ്യാനഗര്‍ നെല്‍ക്കളയില്‍ നിന്ന് ഒരു യുവാവിനെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ യുവാവിനെയാണോ ചന്ദ്രഗിരി പുഴയില്‍ കാണാതായതെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.