ഉപ്പള: ഉപ്പള ടൗണില്‍ വൈദ്യുതി തൂണില്‍ സര്‍വീസ് വയറുകള്‍ കുമിഞ്ഞുകൂടിയതോടെ വ്യാപാരികള്‍ക്ക് ദുരിതമായി. ഉപ്പള ബസ്സ്റ്റാന്റിന്റെ സമീപത്തുള്ള വൈദ്യുതി തൂണിലാണ് സര്‍വീസ് വയറുകള്‍ തലങ്ങും വിലങ്ങും വലിച്ചുകെട്ടിയിട്ടുള്ളത്. അഞ്ചുകെട്ടിടങ്ങളിലേക്കാണ് ഈ തൂണില്‍ നിന്ന് വയറുകള്‍ കടന്നുപോകുന്നത്. കാറ്റ് വീശിയാലോ, പക്ഷികള്‍ ഇരുന്നാലോ വയറുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത് കാരണം വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ഇത് നന്നാക്കാന്‍ ജീവനക്കാരെ കിട്ടാത്തത് കാരണം വ്യാപാരികള്‍ക്ക് വലിയ ദുരിതമാണുണ്ടാകുന്നത്.
വൈദ്യുതി മുടക്കം പരിഹരിക്കാന്‍ ജീവനക്കാരെത്തിയാല്‍ വയറുകള്‍ തിരഞ്ഞുപിടിച്ച് നന്നാക്കാന്‍ മണിക്കൂറുകളോളം വേണ്ടിവരുന്നു. പല പ്രാവശ്യം വ്യാപാരികള്‍ പണം മുടക്കി വാഹനങ്ങള്‍ക്ക് വാടക നല്‍കിയാണ് ജീവനക്കാരെ കൊണ്ടുവരുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ വവ്വാലുകളും മറ്റും ഷോക്കേറ്റ് ചത്തുവീഴുന്നതും പതിവാണ്. സര്‍വീസ് വയറുകള്‍ കൂട്ടിമുട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാന്‍ സാധ്യത ഏറെയായതിനാല്‍ വ്യാപാരികള്‍ ഭീതിയോടെയാണ് കഴിയുന്നത്. പഴയ വയറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.