കുറേ നാളുകള്‍ക്ക് ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ വിളിച്ചത്. കണ്ണാടിപള്ളിയില്‍ നടന്ന മഹല്‍ ശാക്തീകരണ ക്ലാസിനെ കുറിച്ച് ഉത്തരദേശത്തില്‍ രണ്ട് ലക്കങ്ങളിലായി ഞാനെഴുതിയ ലേഖനത്തെ പറ്റി പറയാനായിരുന്നു അത്. ലേഖനം നന്നായിരുന്നെന്നും മഹല്ലുകള്‍ ഉണരണമെന്നും ലേഖനത്തിനൊരു പ്രതികരണ കുറിപ്പ് എഴുതിയിട്ടുണ്ടെന്നും ജെഡിയാര്‍ പറഞ്ഞു. എന്റെ വാട്‌സ്ആപ്പില്‍ കുറിപ്പ് അയച്ചുതരികയും ഉത്തരദേശത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
‘കുറെ നാളായല്ലോ വിളിച്ചിട്ട്’ എന്ന എന്റെ ചോദ്യത്തിന്, ഒരു ചിരി മാത്രമായിരുന്നു മറുപടി. തന്റെ ജീവന്‍ കാര്‍ന്നുതിന്നുകൊണ്ടിരുന്ന അസുഖത്തെ മറച്ചുവെക്കാനായിരുന്നോ ആ ചിരിയെന്ന് ഞാനിപ്പോള്‍ ചിന്തിച്ചുപോവുന്നു.
അദ്ദേഹത്തിന്റെ പ്രതികരണ കുറിപ്പ് അച്ചടിച്ചുവന്ന ദിവസമാണ് എന്നെ അവസാനമായി വിളിച്ചത്. നന്ദിവാക്കുകള്‍ക്കൊപ്പം പ്രാര്‍ത്ഥനാമന്ത്രങ്ങളുമുണ്ടായിരുന്നു ആ വിളിയില്‍. ഷാഫിച്ചാക്ക് പടച്ചോന്‍ ആരോഗ്യവും ദീര്‍ഘായുസും നല്‍കി അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു… ഞാന്‍ ആമീന്‍ ചൊല്ലി… ജെഡിയാര്‍ ഫോണ്‍വെച്ചു.
പിന്നെ വിളിച്ചിട്ടില്ല, കണ്ടിട്ടുമില്ല. മാസങ്ങള്‍ക്ക് മുമ്പ് വരെ എന്നും രാവിലെ സ്ഥിരമായി ജെഡിയാര്‍ വിളിക്കുമായിരുന്നു. അതിരാവിലെ വരുന്ന ഫോണ്‍കോളുകള്‍ നോക്കാതെ തന്നെ ഞാന്‍ ഊഹിക്കാറുണ്ട്. ഒന്നുകില്‍ ജെഡിയാര്‍, അല്ലെങ്കില്‍ ബെളിഞ്ചം. സംഘടനാ വാര്‍ത്ത വിളിച്ചുപറയാന്‍ എന്നും സ്ഥിരമായി വിളിക്കാറുണ്ടായിരുന്ന രണ്ടുപേര്‍ ഇബ്രാഹിം ഫൈസി ജെഡിയാറും റഷീദ് ബെളിഞ്ചവുമാണ്.
സംഘടനയോട് വളരെയേറെ കൂറ് കാണിച്ച ഒരു നേതാവിന്റെ വര്‍ത്തമാനങ്ങള്‍ മാത്രമാണ് ജെഡിയാറില്‍ നിന്ന് എന്നും കേട്ടിട്ടുള്ളൂ. ഓരോ കാഴ്ചയിലും ഓരോ വര്‍ത്തമാനത്തിലും എസ്.കെ.എസ്.എസ്.എഫ്. നിറഞ്ഞുവരും. എസ്.കെ.എസ്.എസ്.എഫ്. അദ്ദേഹത്തിന് ഒരാവേശമായിരുന്നു. സംഘടനയോടുള്ള കൂറ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു യഥാര്‍ത്ഥ നേതാവായിരുന്നു അദ്ദേഹം. ആരുടെ മുമ്പിലും മുട്ടുമടക്കാത്ത സംഘടനാ ആവേശമാണ് ഇബ്രാഹിം ഫൈസി ജെഡിയാറില്‍ എന്നും കണ്ടിട്ടുള്ളത്.
ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട പോരാട്ട വീഥികളില്‍ ജ്വലിച്ചു നിന്ന നേതാവിയിരുന്നു ഇബ്രാഹിം ഫൈസി. ഞങ്ങളൊരിക്കല്‍ അബ്ദുല്ല മൗലവിയുടെ മരണത്തെ കുറിച്ച് വിശദമായി സംസാരിച്ചു. സി.ബി.ഐ. അല്ല, സുപ്രീംകോടതി തന്നെ പറഞ്ഞാലും ഖാസിയുടെ മരണം കൊലപാതകം തന്നെയാണെന്ന് പറയുമ്പോള്‍ ജെഡിയാറിന്റെ കണ്ണുകള്‍ ചുവന്നിരുന്നു.
‘ഉസ്താദിനെ ഞങ്ങള്‍ക്ക് നന്നായി അറിയാം. ആത്മഹത്യചെയ്യാന്‍ ഉസ്താദ് ഭീരുവല്ല, അതൊരു ആസൂത്രിത കൊലപാതകം തന്നെയാണ്. കൊലയാളികളെ പിടികൂടുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ല…’-ജെഡിയാറിന്റെ വാക്കുകളില്‍ അഗ്നി ജ്വലിക്കുന്നതുപോലെ തോന്നി.
ഇബ്രാഹിം ഫൈസി ജെഡിയാര്‍ എസ്.കെ.എസ്.എസ്.എഫിന്റെ അമരത്തിരുന്ന കാലത്ത് ഒരുപാട് നല്ല കാര്യങ്ങള്‍ കാണാനിടയായി. സമുദായത്തിന് വേണ്ടി മാത്രമല്ല, സമൂഹത്തിന് മൊത്തം ഗുണകരമായ കാര്യങ്ങളും അതിലുണ്ടായിരുന്നു. സമര രംഗങ്ങളില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു അദ്ദേഹം. ആ വീര്യം കണ്ട് ഒരിക്കല്‍ ഞാന്‍ തമാശക്ക് ചോദിച്ചു; എസ്.എഫ്.ഐ.യിലൂടെയാണോ വളര്‍ന്നുവന്നതെന്ന്. കുട്ടിക്കാലം തൊട്ടേ ഈ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത് എസ്.കെ.എസ്.എസ്.എഫ്. മാത്രമാണെന്ന് പറഞ്ഞ് ജെഡിയാര്‍ ചിരിച്ചു. എസ്.എഫ്.ഐക്ക് മാത്രമല്ല, എസ്.കെ.എസ്.എസ്.എഫിനും പോരാട്ട വഴികളില്‍ വലിയ കരുത്തുണ്ടെന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല.
എം.എ. ഖാസിം മുസ്ലിയാര്‍ക്കും മഹ്മൂദ് ദാരിമിക്കും പിന്നാലെ ഇബ്രാഹിം ഫൈസി ജെഡിയാറും യാത്രയായി. രോഗ ബാധിതനായി വിശ്രമിക്കുകയായിരുന്നു അദ്ദേഹമെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഞെട്ടലോടെയാണ് ഈ ശുഭ്രവസ്ത്രധാരിയുടെ വേര്‍പാടിനെ എല്ലാവരും എതിരേറ്റത്. സംഘടനാ നേതാവെന്നതിലുപരി പ്രമുഖ പണ്ഡിതരുടെ കീഴില്‍ പഠിച്ച, ഫൈസി ബിരുദം നേടിയ പണ്ഡിതന്‍ കൂടിയാണ് യാത്രയായത്. അദ്ദേഹത്തിന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ…