കാസര്‍കോട്: ഡെറാഡൂണില്‍ കൊല്ലപ്പെട്ട മലപ്പുറം പുലാമന്തോളിലെ അബ്ദുല്‍ ഷൂക്കൂര്‍ ബിറ്റ് കോയിന്‍(ഡിജിറ്റല്‍ കറന്‍സി) ബന്ധുവിനെയും കൂട്ടാളികളെയും ഉപയോഗിച്ച് കാസര്‍കോട് ജില്ലയില്‍ നിന്ന് തട്ടിയെടുത്തത് കോടികളാണെന്ന വിവരം പുറത്തുവന്നു. ഇതോടെ കാസര്‍കോട് സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷുക്കൂറിന്റെ അടുത്ത ബന്ധുവാണ് കാസര്‍കോട്ടെ ബിറ്റ് കോയിന്‍ ഇടപാടുകളുടെ ചുമതല വഹിച്ചതെന്ന് ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണം നടത്തുന്ന ഡെറാഡൂണ്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് സ്വദേശികളായ 12 പേരെ ടീം ലീഡര്‍മാരാക്കിയായിരുന്നു ബിറ്റ് കോയിന്‍ ഇടപാടുകളത്രയും നടത്തിയത്. മലപ്പുറം കോട്ടയ്ക്കലില്‍ ഔാഫീസ് തുറന്നാണ് ഈ ഇടപാടുകള്‍ക്കെല്ലാം കരുക്കള്‍ നീക്കിയിരുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഒരുവര്‍ഷംകൊണ്ട് മൂന്നിരട്ടി തുക ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ഇവര്‍ ആകര്‍ഷിച്ചിരുന്നത്.
ലാഭവിഹിതം പോയിട്ട് മുടക്കുമുതല്‍ പോലും ലഭിക്കാതെ പത്തുമാസമായെങ്കിലും അക്കൗണ്ട് ഉടന്‍ ശരിയാകുമെന്ന ഷുക്കൂറിന്റെ വാക്ക് വിശ്വസിച്ച ഇടപാടുകാര്‍ ഇപ്പോള്‍ അമ്പരപ്പിലാണ്. ഷുക്കൂര്‍ കൊല്ലപ്പെട്ടതോടെ പണം തിരിച്ചുകിട്ടുമെന്ന ഇടപാടുകാരുടെ പ്രതീക്ഷയും അസ്ഥാനത്തായി. ഷുക്കൂറിന്റെ കൂട്ടാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പണം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചാണ് നിക്ഷേപകര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇവര്‍ വരുംദിവസങ്ങളില്‍ പരാതികളുമായി പൊലീസിനെ സമീപിക്കുമെന്നാണ് അറിയുന്നത്. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.