മുള്ളേരിയ: മുള്ളേരിയയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം കടപുഴകിവീണ് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കുണ്ടാര്‍ ഉയിത്തടുക്കയിലെ അബ്ദുല്ലയുടേയും ഖദീജയുടേയും മകന്‍ സാജിദ് (32) ആണ് മരിച്ചത്. സുഹൃത്തിനെ ഗുരുതരനിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 3 മണിയോടെ മുള്ളേരിയ പെട്രോള്‍ പമ്പിന് സമീപം പെരിയടുക്കയിലാണ് അപകടം. കുണ്ടാറില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുകളില്‍ റോഡരികിലെ കൂറ്റന്‍ കാഞ്ഞിരമരം കടപുഴകി വീഴുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേര്‍ന്ന് ഇരുവരെയും ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ സാജിദ് മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റിയാസ്, സമീറ.