1987 ജനുവരി 26 നു കാസര്‍കോടിന്റെ വ്യവസായ കുതിപ്പിന് വിത്ത് പാകിയ ദിവസമായിരുന്നു. അന്നാണ് വികസനമെന്തെന്നറിയാത്ത മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ബെദ്രടുക്കയില്‍ 11 ഏക്കര്‍ സ്ഥലത്ത് കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനിയുടെ (കെല്‍)ഏറ്റവും പുതിയ വ്യവസായ യൂണിറ്റിന് ശിലയിടുന്നത്. സി.ടി.അഹമ്മദലി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി ഇ അഹമ്മദ് സാഹിബായിരുന്നു തറക്കല്ലിട്ടത്. 1982ല്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് ഗവണ്‍മെന്റില്‍ നടത്തിയ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഒരു വന്‍കിട വ്യവസായ സ്ഥാപനം കാസര്‍കോട്ട് വരുന്നത്.
21 കോടി രൂപ ചെലവില്‍ ഫ്രാന്‍സിലെ ലെറോയ് സോമര്‍ എന്ന കമ്പനിയുടെ സാങ്കേതിക സഹായത്തോടെ ആധുനിക രീതിയില്‍ ബ്രഷ്‌ലെസ് ആള്‍ട്ടര്‍നേറ്ററുകളും റെയില്‍വെ, ഡിഫന്‍സ് എന്നിവര്‍ക്കാവശ്യമായ ആള്‍ട്ടര്‍നേറ്ററുകളും നിര്‍മ്മിക്കുന്ന, 415 ജീവനക്കാര്‍ക്ക് നേരിട്ടും അത്ര തന്നെ പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന തരത്തിലുള്ള വന്‍കിട വ്യവസായ ശാലയാണ് ബെദ്രടുക്കയില്‍ കൊണ്ടുവന്നത്. 1990 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ കമ്പനി ഉദ്ഘാടനം ചെയ്തു. റെയില്‍വെക്കാവശ്യമായ പവര്‍ കാറുകള്‍ ഉള്‍പ്പടെ ആധുനിക രീതിയിലുള്ള പല ഉല്‍പന്നങ്ങളും സ്വന്തമായി ഡിസൈന്‍ ചെയ്ത് വികസിപ്പിച്ച് നിര്‍മ്മിക്കാന്‍ തുടങ്ങിയ കാസര്‍കോട് കെല്‍ യൂണിറ്റ് ജില്ലയുടെ വ്യവസായ മുന്നേറ്റത്തിന് ചാലകശക്തിയാവുമായിരുന്നു. പ്രതിവര്‍ഷം അഞ്ച് കോടി രൂപ വരെ ലാഭം നേടിയ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി നേരിട്ടെത്തി ഉപഹാരം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ 51 ശതമാനം ഓഹരികള്‍ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെല്ലിന് (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) കൈമാറി കമ്പനിയെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുന്നത് 2011 മാര്‍ച്ച് 28നാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും ചര്‍ച്ചകളും അതീവ രഹസ്യമായിട്ടാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. കമ്പനിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുമായോ ജനപ്രതിനിധികളുമായോ ഒരു കൂടിയാലോചനയും നടത്തിയില്ല. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടും യോഗം വിളിച്ചില്ല. 11 ഏക്കര്‍ സ്ഥലവും ആധുനിക മെഷിനറികള്‍ ഉള്‍പ്പടെയുള്ള വ്യവസായ ശാലയും മറ്റ് സാധന സാമഗ്രികളുമെല്ലാം കൂടി കേവലം പത്തരകോടി രൂപ വില കണക്കാക്കിയാണ് കച്ചവടം ഉറപ്പിച്ചത്. വന്‍ വികസനം വരുമെന്നും കൂടുതല്‍ മുതല്‍ മുടക്ക് ഉണ്ടാവുമെന്നും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും പറഞ്ഞ് പരത്തിയിരുന്നുവെങ്കിലും കൈമാറ്റ കരാറില്‍ ഇതൊന്നുമുണ്ടായിരുന്നില്ല. വിവരാവകാശ നിയമ പ്രകാരം ലഭിച്ച കരാറിന്റെ പകര്‍പ്പ് പരിശോധിക്കുമ്പോഴാണ് വഞ്ചനയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. സ്ഥാപനം ഭെല്ലിന് കൈമാറിയത് അന്നത്തെ സര്‍ക്കാരിന്റെ ഭരണ നേട്ടമായി പി.ആര്‍.ഡിയും വ്യവസായ വകുപ്പും കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. 49 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാരിന് സ്ഥാപനത്തിന്റെ ഭരണത്തില്‍ ഒരു റോളും ഇല്ലാത്ത രീതിയിലായിരുന്നു കരാറെഴുതിയത്. കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഭെല്ലില്‍ നിന്ന്. ഏഴംഗ ഡയറക്ടര്‍ ബോര്‍ഡില്‍ കേരള സര്‍ക്കാരിന് ഒരംഗം മാത്രം. കമ്പനിയുടെ വികസനത്തിന് വേണ്ടി ഭെല്‍ അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി ഹനിച്ചുകൊണ്ടിരുന്നു. നിലവില്‍ നിര്‍മ്മിച്ചു വന്നിരുന്ന ഉല്‍പന്നങ്ങള്‍ തന്നെ നിര്‍മ്മിക്കാതായി.
ജീവനക്കാരുടെ ശമ്പള വര്‍ദ്ധന കരാര്‍ കാലാവധി കഴിഞ്ഞിട്ടും പുതുക്കാന്‍ ഭെല്‍ തയ്യാറായില്ല. ജനപ്രതിനിധികളും നേതാക്കളും നിരവധി തവണ ഡല്‍ഹിയില്‍ പോയി കേന്ദ്ര മന്ത്രിമാരെ കണ്ടു. ഫലമുണ്ടായില്ല. വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി രണ്ട് തവണയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു പ്രാവശ്യവും ഉന്നത തല യോഗം വിളിച്ചു.
തൊഴിലാളി സംഘടനകളോടും ഭെല്‍ അധികൃതരോടും ചര്‍ച്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സ്ഥാപനം സന്ദര്‍ശിച്ചു. 2016 ആഗസ്റ്റ് 5 ന് സ്ഥാപനം കയ്യൊഴിയുകയാണെന്ന് കാണിച്ച് കേന്ദ്ര മന്ത്രി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പത്ത് മാസങ്ങള്‍ക്ക് ശേഷം 2017 ജൂണ്‍ 12ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യവസായമന്ത്രി, ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖര്‍ സംബന്ധിച്ച ഉന്നതതല യോഗത്തില്‍ വെച്ച് സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിച്ചു. അതിന് ശേഷം കേന്ദ്രവുമല്ല, സംസ്ഥാനവുമല്ല എന്ന നിലയില്‍ അനാഥമായ കമ്പനി തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. ജീവനക്കാര്‍ അവരുടേതല്ലാത്ത കാരണത്താല്‍ കടുത്ത ദുരിതത്തില്‍. ജീവനക്കാര്‍ക്ക് കെല്ലില്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിമാസം 15000 രൂപ കുറവ്. ചെറിയ ശമ്പളം പോലും മുടങ്ങിയിട്ട് ഒന്‍പത് മാസമായി. ജില്ലയുടെ അഭിമാനമായിരുന്ന വന്‍കിട വ്യവസായ സ്ഥാപനം തകരുന്നു.
ശമ്പളത്തിന് വേണ്ടി ജീവനക്കാര്‍ സമരത്തിലാണ്. ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്യാന്‍ സഹകരിച്ചവര്‍ ശമ്പളത്തിന് വേണ്ടി ശബ്ദിക്കുന്നില്ല. അവഗണക്കെതിരെ, അവകാശ നിഷേധത്തിനെതിരെ പട്ടിണിയിലായ തൊഴിലാളികള്‍ക്ക് വേണ്ടി പ്രതിഷേധിക്കേണ്ട, പ്രതികരിക്കേണ്ട പലരും മൗനത്തിലാണ്.
സ്ഥാപനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭ, ഗ്രാമ പഞ്ചായത്തുകള്‍ പ്രമേയങ്ങള്‍ പാസാക്കി. ജനപ്രതിനിധികളും ജനനേതാക്കളും സംഘടനകളും ആവശ്യപ്പെട്ടു. പക്ഷേ ഫലമുണ്ടായില്ല. അടുത്ത തലമുറക്ക് പ്രയോജനം ലഭിക്കുന്ന അഭ്യസ്ഥവിദ്യരായ ധാരാളം യുവതീ യുവാക്കള്‍ക്ക് ജോലി ലഭിക്കുന്ന ഈ സ്ഥാപനം തകരാന്‍ അനുവദിക്കണോ…? നമ്മുടെ മക്കള്‍ എഞ്ചിനീയറിംഗ് കോളേജുകളിലും, പോളിടെക്‌നിക് കോളേജുകളിലും, ഐ.ടി.ഐ.കളിലും മറ്റും പഠിക്കുന്നുണ്ട്. അവര്‍ക്ക് ഒരു ട്രെയിനിംഗ് നടത്താനുള്ള സ്ഥാപനം വടക്കേ മലബാറില്‍ വേറെയില്ല. ആസ്ട്രാള്‍ വാച്ചസ് പോലെ ഭെല്‍ ഇ.എം.എല്ലും മാറണോ..? ജീവനക്കാരെയും സ്ഥാപനത്തേയും സംരക്ഷിക്കേണ്ട ബാദ്ധ്യത നമുക്കില്ലേ? ജില്ലയിലെ പൊതു സമൂഹം ഒന്നടങ്കം കമ്പനി നിലനിര്‍ത്താനും സംരക്ഷിക്കാനും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കും വേണ്ടി അണി ചേരണം. അത് വഴി കാസര്‍കോട് ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനത്തെ നമുക്ക് രക്ഷിക്കാന്‍ കഴിയണം.
-എസ്.ടി.യു. ദേശീയ കമ്മിറ്റി
സെക്രട്ടറിയാണ് ലേഖകന്‍