കാസര്‍കോട്; പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്ക് ഇനി ഏറെ വിയര്‍ക്കേണ്ടിവരും. മടിക്കൈ ഗ്രാമപഞ്ചായത്ത് മാലിന്യവിമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച കരട് കര്‍മപദ്ധതിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കുള്ള നിര്‍ദ്ദേശമാണുള്ളത്. മാലിന്യനിക്ഷേപകരില്‍ നിന്ന് 10,000 രൂപ വരെ പിഴയീടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ജില്ലയെ മാലിന്യ മുക്തമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വിശദമായ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ദേശീയ ഹരിത ട്രിബൂണലിന്റെ ഉത്തരവ് അനുസരിച്ച് ജില്ലയിലെ കിനാനൂര്‍-കരിന്തളം, മടിക്കൈ, ബേഡഡുക്ക പഞ്ചായത്തുകളെ ഒക്ടോബര്‍ 31 നകം പൂര്‍ണ്ണമായും മാലിന്യ വിമുക്തമാക്കണം. ഇതിന്റെ ഭാഗമായി കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളെ സമ്പൂര്‍ണ മാലിന്യവിമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ കരട് കര്‍മ പദ്ധതിയാണ് അദ്ദേഹം അവതരിപ്പിച്ചത്. സപ്തംബര്‍ 19 ന് കര്‍മ്മ പദ്ധതി ഈ പഞ്ചായത്തുകള്‍ അവതരിപ്പിക്കും.
പഞ്ചായത്തില്‍ എത് തരം മാലിന്യമാണ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ സര്‍വ്വെ നടത്തിയിരുന്നു. ഇവ പെട്ടന്ന് സംസ്‌കരിക്കാനുള്ള ഫലപ്രദമായ മാര്‍ഗവും കണ്ടെത്തി നടപ്പിലാക്കണം. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഇവരില്‍ നിന്ന് കുറഞ്ഞത് 10000 രൂപ പിഴ ഈടാക്കുന്നതിന് നടപടിയുണ്ടാകണം. വിരമിച്ച സൈനികരുടേയും പൊലീസിന്റെയും സേവനം ഉപയോഗപ്പെടുത്തി നിരീക്ഷണം ശക്തമാക്കണം. ഉറവിട മാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കണം.
മാലിന്യ നിര്‍മാര്‍ജനത്തിന് ബുദ്ധിപരവും നിയമപരവുമായ ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ആക്ഷന്‍ പ്ലാനില്‍ ഉള്‍കൊള്ളിക്കണം. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പദ്ധതിയായിരിക്കണം. പഞ്ചായത്തുകള്‍ ചേര്‍ന്ന് കമ്പനി രൂപീകരിച്ച് മാലിന്യ സംസ്‌കരണത്തിന് നേതൃത്വം നല്‍കും. ജില്ലാ കലക്ടര്‍ അതിന്റെ മാനേജിംഗ് ഡയറക്ടറായിരിക്കും. മാലിന്യമെടുക്കുന്ന വനിതകളെ റിപ്പോര്‍ട്ടിംഗ് ഓഫീസേഴ്സ് ആക്കി മാറ്റും. 19 ന് കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കും.
മടിക്കൈ പഞ്ചായത്തില്‍ പ്രസിഡണ്ട് സി. പ്രഭാകരനും കിനാനൂര്‍-കരിന്തളം കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പ്രസിഡണ്ട് എ. വിധു ബാലയും അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ടി.ജെ അരുണ്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി ജസീര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമീള പഞ്ചായത്ത് മെമ്പര്‍മാര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ആസൂത്രണ സമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.