നീലേശ്വരം: കടലില്‍ മത്സ്യബന്ധനത്തിന് തോണിയില്‍ പോയ ആറുപേര്‍ ശക്തമായ തിരമാലകളില്‍ പെട്ട് കുടുങ്ങി. വിവരമറിഞ്ഞ് ഫിഷറീസ് വകുപ്പിന്റെ ബോട്ട് കുതിച്ചെത്തി ഇവരെ രക്ഷപ്പെടുത്തി. മൂന്നുദിവസം മുമ്പാണ് തൈക്കടപ്പുറത്തെ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള നബീന്‍മോന്‍ എന്ന തോണിയില്‍ ആറ് പേര്‍ പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയത്. ബുധനാഴ്ച ഉച്ചയോടെ മത്സ്യതൊഴിലാളികള്‍ തോണിയില്‍ തിരിച്ചുവരുന്നതിനിടെ ശക്തമായ തിരമാലകളില്‍ പെടുകയും അഴിമുഖത്തുനിന്ന് 22 കിലോമീറ്റര്‍ അപ്പുറത്തേക്ക് ഒഴുകിപ്പോകുകയും ചെയ്തു. പടിഞ്ഞാറുഭാഗം കടലില്‍ തോണി ഒഴുകിപ്പോകുന്നതായി ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. ഷിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അജിതയുടെ നിര്‍ദേശപ്രകാരം അഴിത്തലയില്‍ നിന്ന് ഉച്ചയോടെ ബോട്ട് പുറപ്പെടുകയും വൈകിട്ടോടെ മത്സ്യതൊഴിലാളികളെ സുരക്ഷിതരായി തിരിച്ചെത്തിക്കുകയുമായിരുന്നു.