കാസര്‍കോട്: അച്ഛന്‍ മരിച്ചതിന്റെ 17-ാം ദിവസം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ നന്ദിനി ഹോട്ടല്‍ നടത്തുന്ന നെല്ലിക്കുന്ന് ബീച്ച് റോഡ് അച്ചപ്പ കോമ്പൗണ്ടിലെ പ്രശാന്ത് കുമാര്‍ (37) ആണ് മരിച്ചത്. പന്തല്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന പ്രശാന്ത് ഏതാനും മാസംമുമ്പാണ് നന്ദിനി ഹോട്ടല്‍ നടത്തിപ്പിന് വാങ്ങിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വിശ്രമിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് ബി.എം.എസ് ഓഫീസിന് പിറക് വശത്തെ പന്തല്‍ ഡെക്കറേഷന്‍ സ്ഥാപനത്തില്‍ പോയതായിരുന്നു. ആറ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രശാന്തിന്റെ സഹോദരന്‍ സന്ദീപ് ഏതാനും വര്‍ഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. അച്ഛന്‍ തുക്കാറാം ഭണ്ഡാരി 17 ദിവസം മുമ്പാണ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് പ്രശാന്ത് തൂങ്ങി മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അമ്മ: വീണ. സഹോദരി: സ്വപ്‌ന.