ചിറ്റാരിക്കാല്‍: കരാറുകാരനെ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാലിനടുത്ത് ചെറുപുഴ ചപ്പാരപ്പടവിലെ മുത്തുപാറക്കുന്നേല്‍ ജോസഫ് എന്ന ജോയി(55)യെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപുഴ കരുണാകരന്‍ മെമ്മോറിയല്‍ ആസ്പത്രിയുടെ ടെറസ്സിലാണ് കരുണാകരനെ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടത്. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആസ്പത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒന്നരലക്ഷം രൂപ ജോസഫിന് ലഭിക്കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകളുമായി ജോസഫ് ബുധനാഴ്ച വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മരണവിവരം അറിഞ്ഞത്. ജോസഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിനാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.