ഇന്നലെ ഉച്ചക്ക് ശേഷം വാട്‌സ്ആപ്പില്‍ നിറഞ്ഞ് നിന്നത് പതിവില്ലാത്ത ഒരു ദു:ഖവാര്‍ത്തയായിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ മുള്ളേരിയ പെരിയടുക്ക ചര്‍ച്ചിനും പള്ളിക്കുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് പ്രതിശ്രുത വരനായ ലോറി ഡ്രൈവര്‍ സാജിദ് എന്ന ചെറുപ്പക്കാരന്റെ ജീവന്‍ പൊലിഞ്ഞ വാര്‍ത്തയായിരുന്നു അത്.
വാഹനങ്ങള്‍ക്ക് മുകളില്‍ മരം കടപുഴകി വീണ് അപകടം സംഭവിക്കാറുളളത് അപൂര്‍വ്വമാണെന്ന് പറയാമെങ്കിലും അധികൃതരുടെ ഗുരുതരമായ അലംഭാവത്തിന്റെ നേര്‍സാക്ഷ്യമാണിത്. അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളെ നീക്കം ചെയ്യേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ചില കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടാറുള്ള ഇരിട്ടി മുഹമ്മദ് ഒരു വര്‍ഷം മുമ്പ് ഇക്കാര്യം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് മുള്ളേരിയ പെരിയടുക്കയിലുണ്ടായ അപകടം.
വാഹനമോടിക്കുന്നവന്റെ ശ്രദ്ധയില്‍ റോഡിന്റെ ഇരുവശങ്ങളും പരിസരങ്ങളും മാത്രമല്ല, വാഹനത്തിന്റെ മുകള്‍ഭാഗവും കൂടി ഓര്‍ത്തിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തുകയാണോ?
ഇതേ സ്ഥലത്ത് ആഴ്ചകള്‍ക്ക് മുമ്പ് ശക്തമായ കാറ്റും മഴയുമുളള സമയം എന്റെ പരിചയത്തിലുള്ള ഒരാളുടെ വാഹനത്തില്‍ മരമൊടിഞ്ഞു വീണിരുന്നു. തലനാരിഴക്കാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഒത്തിരി റോഡ് അപകടങ്ങളും വൈദ്യുതി തകരാറുകളും ആ പ്രദേശങ്ങളില്‍ സംഭവിക്കുന്നുണ്ട്. അതൊക്കെയും ഒരളവോളം ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ തന്നെയാണ് കാരണം. തുടര്‍ച്ചയായുളള ശക്തമായ മഴയില്‍ ഭൂപ്രദേശങ്ങളില്‍ മണ്ണ് കുതിര്‍ന്ന് നില്‍ക്കുന്നതിനാല്‍ റോഡിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ ഏത് നിമിഷവും കടപുഴകി വീഴാനുളള സാധ്യതകളാണുളളത്.
വൈദ്യുതി പോസ്റ്റുകള്‍ വരെ അപകട ഭീഷണിയിലാണ്. ഈ അടുത്താണ് വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞ് വീണ് മുള്ളേരിയ സബ്‌സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങിയത്. അധികൃതര്‍ നന്നാക്കി വൈദ്യുതി പുനഃസ്ഥാപിച്ചപ്പോള്‍ വീണ്ടും അപകടമുണ്ടായി. ഒന്നിലധികം പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളെ രണ്ട് ദിവസം ഇരുട്ടിലാക്കിയിരുന്നു.
അപകടങ്ങള്‍ സംഭവിച്ചതിനു ശേഷം അതിനെക്കുറിച്ച് വാചാലരാകുകയും ഇത്രയും നാളത്തെ നിസ്സംഗതയും അനാസ്ഥയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. വാര്‍ത്താ പ്രാധാന്യം കുറയുന്നതോടെ ആ വഴിയില്‍ പുല്‍നാമ്പ് കിളിര്‍ത്താല്‍പോലും ആരും അറിയുകയില്ലതാനും. ഒത്തിരി ദുരന്തങ്ങളുടെയും അപകടങ്ങളുടെയും തുടര്‍വാര്‍ത്തകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെട്ടിട്ടുളളത് വിരളമാണ്. പ്രളയവും പ്രകൃതിക്ഷോഭവും നമ്മുടെ പരിധിയില്‍പ്പെടുന്നവയല്ല. അതൊക്കെ സര്‍വ്വ ശക്തനില്‍ നിക്ഷിപ്തമാണ്. പക്ഷെ റോഡിന്റെ വശങ്ങളില്‍ ചെരിഞ്ഞ് കിടന്ന് അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളെ മുറിച്ച് നീക്കി സുഗമമായ സഞ്ചാര പാത ഒരുക്കേണ്ടത് ബന്ധപ്പെട്ട അധികാരികളാണ്.
മരങ്ങള്‍ ഉയര്‍ത്തുന്ന അപകട ഭീഷണി മുള്ളേരിയയുടെ ഭാഗങ്ങളില്‍ മാത്രമല്ല, നെല്ലിക്കട്ട, എടനീര്‍ പ്രദേശങ്ങളിലുമുണ്ട്. ചെര്‍ക്കള-ജാല്‍സൂര്‍ പാതയില്‍ കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന കൊട്ട്യാടി പാലത്തിനടുത്തുളള റോഡിനിരുവശത്തേയും പരപ്പ ഭാഗങ്ങളിലേയും ഫോറസ്റ്റ് മരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നവയാണ്. അതൊക്കെയും നീക്കം ചെയ്യേണ്ടതാണെങ്കില്‍ ജനതാല്‍പര്യം മുന്‍ നിര്‍ത്തിയുള്ള നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും അതിനെ പരിപാലിക്കുന്നതും വളരെ നല്ലതാണ്. പക്ഷെ മനുഷ്യനോ, പ്രകൃതിക്കോ ഭീഷണി ആകുന്നുണ്ടെങ്കില്‍ അതിനെ നീക്കം ചെയ്യേണ്ടതും ആവശ്യമാണ്.
ആര്‍ക്കോ വേണ്ടി റോഡരികില്‍ വളര്‍ന്ന് വലുതാകുന്ന മരങ്ങള്‍ ആരുടെയൊക്കെയോ അന്തകനാകാന്‍ ഇടവരരുത്. ഇനിയും ദുരന്തം ക്ഷണിച്ചു വരുത്തരുത്. അധികൃതരോടുളള വിനയത്തോടെയുളള അപേക്ഷയാണ്.