കാഞ്ഞങ്ങാട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ടിപ്പര്‍ലോറി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി. ഭീമനടി ചെന്നടുക്കയിലെ സനോജ് എന്ന കനകനാണ് വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. എളേരിത്തട്ട് ഇ.കെ. നായനാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പരപ്പ കമ്മാടത്തെ നിമിഷടോം ആണ് അപകടത്തില്‍ മരണപ്പെട്ടിരുന്നത്. നിമിഷ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ സനോജ് ഓടിച്ചുവരികയായിരുന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിമിഷ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. അപകടം നടന്നയുടന്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് സനോജ് ഓടിരക്ഷപ്പെടുകയാണുണ്ടായത്. നിമിഷ മരണപ്പെട്ടതോടെ ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് സനോജിനെതിരെ പൊലീസ് കേസെടുത്തത്.