കാഞ്ഞങ്ങാട്: സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 17 മണിക്കൂര്‍ കഴിഞ്ഞ്.സംഭവവുമായി ബന്ധപ്പെട്ട് പുതുക്കൈയിലെ അഭിരാം (25), അഭിജിത്ത് (28) എന്നിവരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നതെങ്കിലും രാത്രി വൈകിയാണ് കേസെടുത്തത്. സബ് കലക്ടറെ ആക്രമിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളായതിനാലും ഇവര്‍ മണല്‍ മാഫിയയുമായി ബന്ധമുള്ളവരായതിനാലുമാണ് കേസെടുക്കാന്‍ പൊലീസ് ഇത്രയും വൈകിയതെന്ന ആക്ഷേപം ശക്തമാകുകയാണ്. റവന്യൂ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച ഗുരുതരമായ സംഭവമായിട്ട് പോലും അര്‍ഹിക്കുന്ന ഗൗരവത്തോടെ കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതായുള്ള വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും മണല്‍ മാഫിയയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം ശരിവെയ്ക്കുന്ന വിധത്തിലായിരുന്നു സബ് കലക്ടറെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കൈക്കൊണ്ട സമീപനം.