കാസര്‍കോട്: കെ.എം. അബ്ദുല്‍ റഹ്മാന്‍ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ പദവിയിലേക്ക്. പ്രസ്തുത സ്ഥാനത്തേക്ക് മറ്റാരും പത്രിക നല്‍കിയിട്ടില്ല. ഇന്നലെയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇന്ന് സൂക്ഷ്മ പരിശോധന നടന്നു. അബ്ദുല്‍ റഹ്മാന്‍ അടക്കം നല്‍കിയ പത്രികകളെല്ലാം സ്വീകരിച്ചു. ഏക പാനലാണ് കെ.സി.എ. ഭാരാവാഹിത്വത്തിലേക്ക് സമര്‍പ്പിക്കപ്പെട്ടത്. മറ്റാരും പത്രിക നല്‍കാത്തതിനാല്‍ എറണാകുളത്ത് നിന്നുള്ള ജോസ് ജോര്‍ജ്ജ് പ്രസിഡണ്ടും ആലപ്പുഴയില്‍ നിന്നുള്ള അഡ്വ. ശ്രീജിത്ത് വി. നായര്‍ സെക്രട്ടറിയും ആവുമെന്ന് ഉറപ്പായി. ജാഫര്‍ (വയനാട്) വൈസ് പ്രസിഡണ്ടും അഡ്വ. രജിത് രാജേന്ദ്രന്‍ (തിരുവനന്തപുരം) ജോ. സെക്രട്ടറിയുമാവും. അപ്പക്‌സ് കൗണ്‍സില്‍ അംഗമായി കോഴിക്കോട്ട് നിന്നുള്ള ജഗദീശ് ത്രിവേദി മാത്രമാണ് പത്രിക നല്‍കിയിട്ടുള്ളത്. നേരത്തെ കെ.സി.എ. മെമ്പറായിരുന്ന അബ്ദുല്‍ റഹ്മാന്‍ ഒരു വര്‍ഷം മുമ്പാണ് ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വീണ്ടും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കാസര്‍കോട്ട് നിന്ന് ഭാരവാഹി സ്ഥാനത്തേക്ക് അബ്ദുല്‍ റഹ്മാന്റെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. മുസ്ലിം ലീഗ് നേതാവും നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രസിഡണ്ടുമാണ് അബ്ദുല്‍ റഹ്മാന്‍.