കാസര്‍കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സി.ഐയെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം മ്യൂസിയം സി.ഐ സുനിലിനെയാണ് കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലുള്ള തീരദേശ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ബഷീറിന്റെ മരണത്തിനിടയാക്കുന്ന വിധം അപകടം വരുത്തിയ കാര്‍ ഓടിച്ചിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടും രക്തപരിശോധനക്കുപോലും വിധേയനാക്കാതെ സി.ഐ സുനില്‍ വിട്ടയച്ചതായി ആരോപണമുയര്‍ന്നിരുന്നു. സുനിലിനെതിരെ നടന്ന വകുപ്പുതല അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.