കാഞ്ഞങ്ങാട്: സ്റ്റേഷന്‍ ജാമ്യം നല്‍കുന്നതിനായി പൊലീസ് ഒഴിവാക്കിയ സുപ്രധാന വകുപ്പ് ചേര്‍ത്ത് മണല്‍ക്കടത്തുകാര്‍ക്കെതിരെ സബ് കലക്ടര്‍ നേരിട്ട് കേസെടുത്തു. പുതുക്കൈയിലെ അഭിരാം (25), അഭിജിത്ത് (28), ബല്ലാക്കടപ്പുറത്തെ രാഹുല്‍ (27), ടുട്ടു (25), ജിത്തു എന്ന സച്ചിന്‍ (25) എന്നിവര്‍ക്കെതിരെയാണ് സബ്കലക്ടര്‍ അരുണ്‍ കെ. വിജയന്‍ നേരിട്ട് കേസെടുത്തത്. സബ് കലക്ടറുടെയും സംഘത്തിന്റെയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതിന് 109 വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ അപമര്യാദയായി പെരുമാറി എന്നതിനുമാത്രം പൊലീസ് കേസെടുക്കുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതിനുള്ള വകുപ്പ് പൊലീസ് ഈ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സബ് കലക്ടറെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് നിസാരവകുപ്പിട്ട് മാത്രം കേസെടുത്തതിനെതിരെ പ്രതിഷേധമുയരുന്നതിനിടയിലാണ് അക്രമത്തിനിരയായ സബ് കലക്ടര്‍ തന്നെ നേരിട്ട് കേസെടുത്തത്. അഞ്ച് പ്രതികള്‍ക്കും ആര്‍.ഡി.ഒ കോടതിയില്‍ ഹാജരാകന്‍ സബ് കലക്ടര്‍ നോട്ടീസ് നല്‍കി.