‘വിരസത കടന്നു വന്നപ്പോഴൊക്കെ താഴെ ദുബായ്പ്പുഴ കൂട്ടിനുണ്ടായിരുന്നു. അവിടെ രാത്രി നക്ഷത്ര ശോഭയോടെ തിളങ്ങി നിന്നു വര്‍ണ്ണങ്ങളുടെ കാലിഡോസ്‌കോപ്പുകളുതിര്‍ത്തു കൊണ്ട് പുഴയില്‍ പ്രകാശത്തിന്റെ ചീളുകള്‍ ഒഴുകി നടന്നു. ചുകന്ന സെര്‍ച്ച് ലൈറ്റിന്റെ തിളക്കവുമായി കനത്ത ഹോണുകള്‍ മുഴക്കി ഉള്‍ക്കടലില്‍ നിന്ന് ഒരു പത്തേമാരി നീന്തി വന്നു.. ദുബായ്പ്പുഴയുടെ താളുകള്‍ മറിക്കുമ്പോള്‍ അതില്‍ വിരിയുന്നത് കവിതയാണ്. ഓര്‍മ്മകള്‍ക്ക് സുഗന്ധം പകരുന്ന ഭാഷയുടെ മാന്ത്രിക സിദ്ധിവിശേഷംകൊണ്ട് പ്രവാസത്തിന്റെ പൊയ്മറഞ്ഞതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ലോകങ്ങള്‍ നാം കാണുന്നു.
പുസ്തകത്തിന് ഇരുപതാം പതിപ്പ് ഇറങ്ങുന്ന വേളയില്‍ ഒരിക്കല്‍ കൂടി ആ മഹത്തായ കൃതിയിലൂടെ കടന്നു പോകുകയാണ്. പ്രവാസം അനുഭവിച്ചു തീര്‍ത്തവര്‍ക്ക് ദുബായ്പ്പുഴ പ്രത്യാശയുടെ ഓര്‍മ്മകളാണ്. കണ്ണീരിന്റെ നനവുള്ള ചിരിയാണ്. പ്രണയത്തിന്റെ മധുരമായ നോവാണ്. കാല്‍പനിക വിഷാദത്തിന്റെ ഗസല്‍ വീചികള്‍ മൂളി ആ ഓര്‍മ്മകളെ വായനക്കാരന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയാണ് കൃഷ്ണദാസ്. അറുപതുകള്‍ക്കൊടുവില്‍ എണ്ണഖനികള്‍ അന്വേഷിച്ചു വന്ന അഭയാര്‍ത്ഥിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പത്തേമാരിയില്‍ വന്നിറങ്ങിയ യുവത്വം.
ഖോര്‍ഫുക്കാന്റെ മലമടക്കുകള്‍ക്കിടയിലൂടെ, കല്‍ബയുടെ മരുഭൂമികള്‍ താണ്ടിക്കടന്ന ഇന്നലെകള്‍.
ആ യാത്രയില്‍ അന്യദേശക്കാരായ അഭയാര്‍ത്ഥികളെയും കൂട്ടുകാരാക്കി. അവന്‍ നിറമുള്ള ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ പേറി വന്നവനാണ്. ആ സ്വപനത്തിലും അവന്റെ ചിന്തകളെ വരിഞ്ഞത് റൊമാന്റിക് റവല്യൂഷണറിയായിരുന്നു.
അവന്റെ ഡയറിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വേദനിക്കുന്ന കഥകള്‍ പിറന്നു വീണു. ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ മുങ്ങിമരിച്ച ഏതോ കുടിയേറ്റക്കാരന്റെ എല്ലിന്‍ കൂട് കണ്ടവന്‍ കരഞ്ഞു.
കരയില്‍ വന്നടിഞ്ഞ അവശിഷ്ടങ്ങളില്‍ തകര്‍ന്ന സ്വപ്‌നങ്ങള്‍ കണ്ട് നെടുവീര്‍പ്പുകളിട്ടു.
അവന്റെ ദേശത്തിനു അതിരുകളില്ലാതായത് അങ്ങനെയാണ്. എല്ലാ മനുഷ്യരുടേയും സ്വപ്‌നങ്ങള്‍ ഒന്നു തന്നെയാണെന്നവന്‍ തിരിച്ചറിഞ്ഞു. അവന്റെ നിറം മങ്ങിയ ഡയറിയില്‍ കൃത്യമായ ചില തിയ്യതികള്‍ ഭയപ്പെടുത്തുന്ന വിധം രേഖപ്പെടുത്തിയിരുന്നു. ‘ഫെബ്രുവരി 22,1970 ഇന്ന് മറ്റൊരു സംഭ്രാന്തിജനകമായ വാര്‍ത്തയറിഞ്ഞെന്ന് കുറിച്ചിട്ടു.
‘റാസല്‍ഖൈമക്കടുത്തു വെച്ച് മലയാളികളുള്ള ഒരു ലോഞ്ച് മുങ്ങി അമ്പതു പേര്‍ മരിച്ചു’
അക്കാലത്ത് ലോഞ്ചപകടങ്ങളില്‍ മരിച്ചവരെപ്പറ്റി ദിവസേനയെന്നോണം അവന്‍ പുതിയ പുതിയ കഥകള്‍ കേട്ടിരുന്നു.
ഒരിക്കല്‍ ഇരുനൂറിനടുത്തുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുമായി വന്ന പത്തേമാരി ഷാര്‍ജ ഗവണ്‍മെന്റ് പിടിച്ചെടുത്ത് തടവില്‍ പാര്‍പ്പിച്ച് ദിവസങ്ങള്‍ക്കു ശേഷം വിട്ടയച്ചതും അവന്‍ ചരിത്രരേഖയാക്കി. ഇന്ത്യ, പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കള്ള ലോഞ്ചുകളില്‍ വന്നിറങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരുന്നു.
അതവന്റെ കണ്ണുകളെ വിസ്മയിപ്പിച്ചു. ബദുക്കളായ അറബികളുടെ ഹൃദയവിശാലത കണ്ടെത്തിയത് മരുഭൂമിയില്‍ വിശന്നലഞ്ഞപ്പോഴാണെന്ന് കൃഷ്ണദാസ് കുറിക്കുന്നു. ജീവിതം നല്‍കിയ പാം പുസ്തകമാണ് ദുബായ്പ്പുഴ. ഒരറബ് ഗാനത്തിന്റെ ഈണം പോലെ മരുഭൂമിയും അവിടത്തെ ജീവിതവും പഠിപ്പിച്ച തിരിച്ചറിവുകളാണ്. നാലു ദിക്കില്‍ നിന്നുയരുന്ന സംഗീത സാന്ദ്രമായ ബാങ്കുവിളികള്‍ക്ക് എപ്പോഴും കാതോര്‍ത്തു.
കല്‍ബയില്‍ നിന്നു ദിവസങ്ങള്‍ നീണ്ട കാല്‍നട യാത്രയില്‍ വഴികാട്ടിയും ഭക്ഷണം വാങ്ങിത്തന്നും വണ്ടിക്കൂലിക്കുള്ള പണം തന്നും സഹായിച്ചവരുടെ മുഖങ്ങള്‍ നാല്‍പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍ത്തെടുക്കുമ്പോള്‍ ഹൃദയത്തിന്റെ ചുംബനം നാം അനുഭവിച്ചറിയുന്നു. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രത്തിലേക്കാണ് ദുബായ്പ്പുഴയുടെ വായന നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
മാനവികതയുടെ ലാവണ്യം നിറഞ്ഞ പ്രകാശരശ്മികള്‍ വായനക്കാരിലേക്ക് സംക്രമിപ്പിക്കുകയാണ് ഈ കൃതി.
ഇതിലെ നായകന്‍ ആഖ്യാതാവ് തന്നെയാണ്. പ്രകൃതിയുടെ ഉപാസകനും കവിതകള്‍ ഏറെ ഇഷ്ടപ്പെടുന്നവനുമാണയാള്‍. മരുഭൂമിയിലെ ചെങ്കുത്തായ ഹജാര്‍ പര്‍വ്വതനിരകളെ കുറിച്ചുള്ള വര്‍ണ്ണനകളില്‍ അത് തെളിയുന്നുണ്ട്.
മരുഭൂമിയുടെ അസഹ്യമായ തണുപ്പില്‍ ഉറങ്ങാന്‍ കഴിയാതെ കിടുകിടാ വിറച്ചപ്പോള്‍ അവര്‍ നാടന്‍ രീതികള്‍ പരീക്ഷിച്ചതും നമ്മുടെ കൗതുക വായനയായി മാറുന്നു. വിറകുകള്‍ സ്വരുക്കൂട്ടി കത്തിച്ച് തീ കായുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിര്‍വൃതിയാണ്. മരുഭൂമിയില്‍ തീക്കാറ്റ് വീശുമ്പോള്‍ നിക്കര്‍ മാത്രം ധരിച്ച് ചൂടിനെ പ്രതിരോധിക്കുമ്പോള്‍ അവന്റെ വിധിയെ ഓര്‍ത്തു നാം ദീര്‍ഘനിശ്വാസം കൊള്ളുന്നു.
മരുഭൂമിയില്‍ അകപ്പെട്ടവന്റെ ദൈന്യത നിറഞ്ഞ പൂര്‍വ്വകാല ജീവിതത്തിന്റെ തനതു ആവിഷക്കാരമാണ് ദുബായ് പ്പുഴ കാലം കടന്നു പോയി…
അവന്‍ ബ്രിട്ടീഷുകാരനായ ലഡ്ജര്‍ സായ്പിന്റെ പത്രസ്ഥാപനത്തില്‍ ജോലിക്കാരനായി. ഷാര്‍ജയിലെമുത്തശ്ശി അരയാല്‍ മരത്തിന്റെ തണലിലിരുന്നവന്‍ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവെച്ചു.
1971 ലെ ഇന്ത്യ പാക് യുദ്ധത്തില്‍ ഇന്ത്യയുടെ വിജയം റിപ്പോര്‍ട്ട് ചെയ്ത അവന്‍ ജോലി ചെയ്യുന്ന ഷാര്‍ജയിലെ റോയിട്ടേഴ്‌സ് ബുള്ളറ്റിന്റെ കോപ്പികള്‍ പാകിസ്താനികള്‍ തെരുവില്‍ പരസ്യമായിതീയിട്ട് അമര്‍ഷം രേഖപ്പെടുത്തുന്നതും ഈ ഓര്‍മ്മപ്പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നു മദ്ധ്യപൗരസ്ത്യ മേഖലയിലുടനീളം മൂകത പരത്തിക്കൊണ്ട് ആദ്യത്തെ അറബ് ഇസ്രായേലി യുദ്ധത്തിന്റെ ആദ്യ ദിനങ്ങളേയും പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു.
1971 ല്‍ യു.എ.ഇ ആയി രൂപം കൊണ്ട അതേ ദിവസം തന്നെ ഷാര്‍ജയുടെ തന്ത്രപ്രധാനമായ മൂന്നു ദ്വീപുകള്‍ ഇറാന്‍ കയ്യടക്കുന്നതും ഷാര്‍ജയുടെ തെരുവീഥികളില്‍ അതിനെതിരെ അക്രമാസക്തരായ അറബി യുവാക്കളുടെ പ്രകടനങ്ങളും ഇറാന്‍ ബാങ്കുകള്‍ തല്ലിത്തകര്‍ക്കുന്നതും എഴുത്തുകാരന്റെ മുഷിഞ്ഞ ഡയറിയില്‍ മാഞ്ഞു പോകാതെ കിടപ്പുണ്ട്. മദ്ധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ ചലനങ്ങളിലേക്ക് ദൃഷ്ടികള്‍ പായിക്കുന്ന പത്രപ്രവര്‍ത്തകനേയും കവിയേയും നാം ഈ പുസ്തകത്തില്‍ കണ്ടെത്തുന്നു. പൊതുവേദികളില്‍ മലയാളികളുടെ ആദ്യ കമ്യൂണിസ്റ്റായി അറിയപ്പെടുന്ന ജോസഫേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വൈകാരികാനുഭവമായി മാറുന്നു. അസംഖ്യം മലയാള പുസ്തകങ്ങള്‍ അടങ്ങിയ അബൂദാബി കേരള ആര്‍ട് സെന്ററിനെ നഗരവികസനത്തിന്റെ ഭാഗമായി ബുള്‍ഡോസര്‍ വന്നു ഇടിച്ചു നിരത്തുന്നത് ഹൃദയസ്പര്‍ശിയായി രേഖപ്പെടുത്തുന്നു.കൃഷ്ണദാസിന്റെ ദുബായ്പ്പുഴ എന്ന ഓര്‍മ്മപ്പുസ്തകം ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രം കൂടിയാണ്. വര്‍ത്തമാനകാല പ്രവാസികളുടെ പിതാമഹന്മാരുടെ കൂടി കുടിയേറ്റ ചരിത്രമാണ്. പുതിയ തലമുറക്ക് മനസ്സിലാക്കാനുള്ള ധാരാളം കാര്യങ്ങള്‍ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.
ദുബായ് ക്രീക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ദുബായ്പ്പുഴയുടെ തീരത്തു നിന്നു കൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി അറബ് നാടുകളെയും കേരളീയ സമൂഹത്തേയും എങ്ങനെ മാറ്റി മറിച്ചു എന്ന് വിസ്മയം കൊള്ളുകയാണ് ഈ കൃതിയില്‍. ‘ഇപ്പോള്‍ സുവര്‍ണ്ണ ഗീതികളിലെ ദുഃഖാര്‍ത്തനായ കവിയെപ്പോലെ അപഹരിക്കപ്പെട്ട ഒരു കാലഘട്ടത്തിനു മുമ്പില്‍ ഞാനിരിക്കുന്നു. ഷാര്‍ജയുടെപഴയ കൂടാരങ്ങളില്‍ എന്നോടൊപ്പം വസിച്ച ഒട്ടനേകം പേര്‍ ഇപ്പോഴില്ല ‘ എന്ന ദുഃഖം വായനക്കാരുമായി പങ്കുവെച്ചാണ് ദുബായ്പ്പുഴ അവസാനിപ്പിക്കുന്നത്.
പ്രസാധനം : ഗ്രീന്‍ ബുക്‌സ്
രചന : കൃഷ്ണദാസ്
വില : 190