കാസര്‍കോട്: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നവര്‍ ഇനി ഇക്കാര്യത്തെകുറിച്ച് പല കുറി ആലോചിക്കേണ്ടി വരും. നിങ്ങളെ കാത്തിരിക്കുന്നത് പിഴമാത്രമല്ല. 15 ദിവസം നിര്‍ബന്ധമായും സാമൂഹ്യ സേവനം ചെയ്യേണ്ടി വരുമെന്ന മറ്റൊരു ശിക്ഷയുമുണ്ട്. ആസ്പത്രി, വയോജന മന്ദിരം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 15 ദിവസം സേവനം ചെയ്യണമെന്നതാണ് ഈ ശിക്ഷ. ഇതുവരെ മോട്ടോര്‍ വാഹന വകുപ്പ് 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 3000 രൂപ പിഴയീടാക്കിയിട്ടുണ്ടെങ്കിലും സാമൂഹ്യ സേവനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ അടുത്ത ദിവസം മുതല്‍ സാമൂഹ്യ സേവനവും നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.