കാസര്‍കോട്: ഭെല്‍-ഇ.എം.എല്‍ കമ്പനിയുടെ കേന്ദ്ര ഓഹരി വാങ്ങാനുള്ള തീരുമാനത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും ഈ പൊതുമേഖലാ സ്ഥാപനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കടമ്പുകള്‍ ഇനിയുമേറെ. കമ്പനിയെ സ്വയംപര്യാപ്തമാക്കുന്നതിന് വരുംദിവസങ്ങളില്‍ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഹരികള്‍ തിരിച്ചുവാങ്ങുകയെന്നതാണ് ആദ്യഘട്ട നടപടി. ഭെല്ലിന്റെ ഭാവിസാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനസംഘാടനത്തിനായി രൂപീകരിച്ച റിയാബിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഓണത്തിന് ശേഷം റിയാബിന്റെ പ്രതിനിധികള്‍ കാസര്‍കോട്ടെത്തും. സ്ഥാപനത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനായി നേരത്തെ നടത്തിയ പഠനത്തില്‍ റെയില്‍വെ ജനറേറ്റര്‍, ആള്‍ട്ടര്‍നേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് പുറമെ നൂതന ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പ്രൊജക്ട് മുന്നോട്ടുവെച്ചിരുന്നു. ചില വന്‍കിട സ്ഥാപനങ്ങളുമായി ഇക്കാര്യം വിശദ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാപനം പ്രതിസന്ധി നേരിട്ടതോടെ കാര്യങ്ങള്‍ക്ക് വലിയ തടസം നേരിടുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് പോലുള്ള സ്ഥാപനങ്ങളുമായി കണ്‍സോര്‍ഷ്യമുണ്ടാക്കി ഇലക്ട്രിക് വാഹനമേഖലയില്‍ സാന്നിധ്യമുറപ്പിക്കാവുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആലോചിക്കാവുന്നതാണെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ഥാപനത്തിന്റെ ഭാവികാര്യങ്ങളെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതിന്റെ ഭാഗമായി യൂണിയനുകളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചുചേര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഇപ്പോള്‍ 20 കോടിയിലധികം രൂപയുടെ ഓര്‍ഡറുകളാണ് സ്ഥാപനത്തിനുള്ളത്. ഉത്പന്നങ്ങള്‍ കൃത്യമായി നല്‍കുന്നതിന് ആവശ്യമായ മൂലധനം ഇല്ലാത്തത് പ്രധാന പ്രശ്‌നം തന്നെയാണ്. ഭെല്ലിന്റെ ഓഹരി തിരിച്ചുനല്‍കുമ്പോള്‍ നിലവിലുള്ള ഓര്‍ഡറുകള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. സ്ഥാപനം മുന്നോട്ടുപോകണമെങ്കില്‍ നിലവിലുള്ള ബാധ്യതകള്‍ അടിയന്തിരമായി തീര്‍ത്തേ മതിയാകൂ. അതിന് 34 കോടിയോളം രൂപ വേണ്ടിവരും. ബാധ്യത തീര്‍ക്കാന്‍ മാത്രം 22 കോടി രൂപ ആവശ്യമാണ്. നവീകരണത്തിന് ചുരുങ്ങിയത് 12 കോടിയെങ്കിലും നീക്കിവെക്കേണ്ടിവരും. എട്ടുമാസക്കാലമായി ശമ്പളം ലഭിക്കാത്തതിനാല്‍ ഭെല്ലിലെ ജീവനക്കാര്‍ കടുത്ത ദുരിതത്തില്‍ കഴിയുകയാണ്.