കാഞ്ഞങ്ങാട്: അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും ഈമാസം തന്നെ ആശ്വാസ ധനസഹായമായ 10,000 രൂപ ലഭിക്കുമെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളികളെ അനുമോദിച്ചും പ്രളയ ദുരിതാശ്വാസ ധനസഹായ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും ആശ്വാസ ധനസഹായം നല്‍കാനായി ദുരന്തനിവാരണ നിധിയില്‍ 100 കോടി രൂപയാണ് അനുവദിച്ചത്. ധനസഹായം പരമാവധി ഓണത്തിന് മുന്‍പ് കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാലാം തീയതി മുതല്‍ സര്‍ക്കാര്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്നലെ വരെ 431 പേര്‍ക്ക് ആശ്വാസ ധനസഹായം ലഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ 1500 ഓളം കുടുംബങ്ങള്‍ ആണ് ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത്. ഇവര്‍ക്ക് പുറമേ പ്രളയബാധിതരില്‍ ചിലര്‍ ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച് അര്‍ഹരായവര്‍ക്കും ധനസഹായം ലഭ്യമാക്കും.
പ്രളയ സമയത്ത് കാസര്‍കോട് ജില്ല ദുരിതബാധിതരോട് വളരെയേറെ കരുണയോടു കൂടിയാണ് സഹകരിച്ചത്. 2018 ലെ പ്രളയത്തില്‍ 7.62 കോടി രൂപയാണ് ധനസഹായമായി ജില്ലയില്‍ നിന്നും ലഭിച്ചത്. അത് കൂടാതെ 50 ടണ്‍ സാധനങ്ങള്‍ വിവിധ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊടുത്തു വിട്ടു. ഇതിനെല്ലാം പുറമേ പ്രളയ ബാധിതര്‍ക്ക് വീട് വയ്ക്കാനായി ഒരേക്കര്‍ ഭൂമിയോളം നല്‍കിയവര്‍ ഉണ്ട്. 23.61 ഗ്രാം സ്വര്‍ണവും നല്‍കി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന 42 വീടുകളില്‍ ഏഴ് വീടിന്റെ നിര്‍മ്മാണം കെയര്‍ ഹോം പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചു. മറ്റു വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
പ്രളയത്തെ അതിജീവിക്കാനായി നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ ഏറെ കരുത്ത് പകര്‍ന്നവരാണ് മത്സ്യത്തൊഴിലാളികള്‍. 600 കുടുംബങ്ങളെയാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഇവര്‍ എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.