കാഞ്ഞങ്ങാട്: ക്രഷറില്‍ നിന്ന് 18.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതിയായ ശ്രീകണ്ഠാപുരം സ്വദേശി ചെറുവത്തൂരില്‍ പൊലീസ് പിടിയിലായി. ശ്രീകണ്ഠാപുരം ചാലങ്ങാടന്‍ പടപ്പില്‍ ശരത്ചന്ദ്രനെ (31) യാണ് കസ്റ്റഡിയിലെടുത്തത്. ചെറുവത്തൂരിലെ ബാര്‍ ഹോട്ടലിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആഗസ്ത് 25ന് പുലര്‍ച്ചെ 2.45 മണിക്ക് ബാലുശ്ശേരി ജെ. പി ക്രഷറില്‍ നിന്ന് 18.5 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിയായ ശരത്ചന്ദ്രന്‍ ഒളിവില്‍ പോകുകയായിരുന്നു. കവര്‍ച്ച നടത്തിയയാളുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കവര്‍ച്ച നടത്തിയയാളുടെ അവ്യക്തമായ മുഖംമൂടി ധരിച്ച രൂപമാണ് ക്യാമറയില്‍ പതിഞ്ഞത്. ലോക്കറിന്റെ പൂട്ട് പൊളിക്കാതെ തുറന്നാണ് പണം കവര്‍ന്നത്. കോഴിക്കോട്, കാസര്‍കോട്, മംഗളൂരു തുടങ്ങിയ ഭാഗങ്ങളിലെ 200ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചും സ്ഥാപനത്തിലെ ജീവനക്കാരെയും മുന്‍ ജീവനക്കാരെയും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ശരത്ചന്ദ്രനെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. എട്ടുവര്‍ഷത്തോളം ജെ.പി ക്രഷറിയില്‍ ജോലി ചെയ്ത ശരത്ചന്ദ്രനെ ഒരുവര്‍ഷം മുമ്പ് ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. മോഷണം പോയ 18 ലക്ഷം രൂപയും കൃത്യത്തിന് ഉപയോഗിച്ച മുഖംമൂടിയും ഓവര്‍കോട്ടും ലോഡ്ജ് മുറിയില്‍നിന്ന് കണ്ടെടുത്തു.