ആദൂര്‍: മുള്ളേരിയയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം ഒടിഞ്ഞുവീണ് പ്രതിശ്രുതവരന്‍ ദാരുണമായി മരണപ്പെട്ട സംഭവത്തിന്റെ നടുക്കം മാറും മുമ്പെ ആദൂര്‍ വലിയ ജുമാമസ്ജിദിന് സമീപം സമാനമായ അപകടം.
കാറിന് മുകളില്‍ മരം ഒടിഞ്ഞുവീണുവെങ്കിലും യാത്രക്കാര്‍ തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെ ആദൂര്‍ വലിയ ജുമാമസ്ജിദിന് സമീപത്താണ് അപകടം ഉണ്ടായത്.
ഗാളിമുഖം ഗോളിത്തടി സ്വദേശി അബ്ദുല്ലയുടെ സ്‌കോര്‍പ്പിയോ കാറിന് മുകളിലാണ് മരം ഒടിഞ്ഞുവീണത്.
ആദൂര്‍ മഖാമിലേക്ക് സിയാറത്തിനായി എത്തിയ കുടുംബം ജുമാമസ്ജിദിന് മുന്‍വശം കാര്‍ നിര്‍ത്തി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞുവീഴുകയായിരുന്നു.
അബ്ദുല്ലയെ കൂടാതെ ഭാര്യ നഫീസയും പേരക്കുട്ടിയും കാറില്‍ ഉണ്ടായിരുന്നു.
മരം വീഴുന്ന ശബ്ദം കേട്ട് കുടുംബം ഭയന്നുവെങ്കിലും ഭാഗ്യം കൊണ്ട് പരിക്ക് കൂടാതെ രക്ഷപ്പെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും ഗ്ലാസും തകര്‍ന്നു. നാട്ടുകാരും ആദൂര്‍ പൊലീസും ചേര്‍ന്ന് മരം മുറിച്ചു നീക്കി.