ഓണം വരുന്നൂ, ഓണം! മാവേലിത്തമ്പുരാന്‍ എഴുന്നള്ളുന്നു, പണ്ട് പണ്ട് താന്‍ വാണിരുന്ന നാട് കാണാന്‍; തന്റെ പ്രിയപ്പെട്ട പ്രജകളെ വീണ്ടുമൊന്നുകാണാന്‍! നമുക്ക് തമ്പുരാനെ വരവേല്‍ക്കാം. നടുമുറ്റത്ത് പലവര്‍ണ്ണപ്പൂക്കളമൊരുക്കി, നിലവിളക്ക് കൊളുത്തി വെച്ച്, ഓണക്കോടി സമ്മാനിച്ച്, ഓണപ്പുടവയുടുത്ത്, ഓണക്കളികള്‍ കളിച്ച്, ഓണപ്പാട്ട് പാടി- എന്തെല്ലാം ഓണ വിശേഷങ്ങള്‍.
അത്ര ഉറപ്പാണോ, ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ മഹാബലി വരുമെന്ന്? മഹാബലിയ്ക്കുള്ള വരവേല്‍പ്പാണോ നമ്മുടെ ഓണാഘോഷം? അടുത്തകാലം വരെ ഇങ്ങനെയൊരു സംശയമുണ്ടായിരുന്നില്ല ആര്‍ക്കും, പിന്നെ ഇപ്പോള്‍? അതേ, സംശയമുണ്ടായിരുന്നില്ല, മഹാബലിയുടെ പുനരാഗമനോല്‍സമാണ് നമ്മുടെ ഓണം എന്ന കാര്യത്തില്‍. എന്നാല്‍ ചിലര്‍ ചോദിക്കുന്നു, ‘അസുര’നായ മഹാബലിയെ എന്തിന് വരവേല്‍ക്കണമെന്ന്. വാമന മൂര്‍ത്തിയെ അനുസ്മരിച്ചാണ് ഓണം ആഘോഷിക്കേണ്ടത് എന്ന്. മഹാബലി അസുര രാജാവ്, മൂന്ന് ലോകവും ആക്രമിച്ച് കീഴടക്കിയവന്‍. വാമനനോ? മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. ധര്‍മ്മത്തിന് ‘ഗ്ലാനി’യും, അധര്‍മ്മത്തിന് അഭ്യൂത്ഥാനവും സംഭവിക്കുമ്പോള്‍, ധര്‍മ്മ സംസ്ഥാപനത്തിന് യുഗേ യുഗേ അവതരിക്കാനുള്ള മഹാ വിഷ്ണുവിനെയല്ലേ, ധര്‍മ്മം പുലരണം എന്ന് ആഗ്രഹിക്കുന്നവര്‍ അനുസ്മരിക്കേണ്ടത്? വാമനപക്ഷക്കാര്‍ ചോദിക്കുന്നു. അസുരനെ വരവേറ്റാല്‍ അസുരകര്‍മ്മങ്ങള്‍ പെരുകാനിടയാകും. അത് നമുക്ക് വേണ്ടാ. അവരുടെ ന്യായവാദങ്ങള്‍. മാവേലി പണ്ട് നാട് വാണിരുന്ന കാലത്ത്, മാനുഷരെല്ലാമൊന്നുപോലെ, ഉച്ച നീചത്വ ഭേദമില്ലാതെ, ആമോദത്തോടെ വസിച്ചിരുന്നു പോലും. അത്, ”എല്ലാരുമൊന്നുപോലെ” എന്ന സമത്വബോധം, സഹിക്കാന്‍ കഴിയാത്തവരാണോ മാവേലിയെ തള്ളി പറയുന്നത്? പാട്ടില്‍ പറയുന്ന ‘മാവേലി’ തന്നെയോ, പുരാണത്തിലെ ‘മഹാബലി’? സംസ്‌കൃതത്തിലെ മഹാബലിയുടെ മലയാള ഭാഷാന്തരമാണോ’മാവേലി’എന്നത്?
സംശയങ്ങള്‍ പിന്നെയും. ശ്രീമദ് മഹാഭാഗവതമാണല്ലോ ദശാവതാര കഥകള്‍ക്കാധാരമായിട്ടുള്ളത്. പതിനെട്ട് പുരാണങ്ങളില്‍ ഒന്നല്ല ഭാഗവതം; അതൊരു ഉപപുരാണമാണത്രേ. അതെന്തായാലും, ഭാഗവതം പരിചയപ്പെടുത്തുന്നത് വാമനാവതാര കഥയാണ്. അത് പ്രകാരം വാമനന്റെ പ്രതിനായകനാണ് മഹാബലി. അവിടെ മഹാബലി ഒരു ‘വില്ലന്‍’ മാത്രം. മഹാബലി എന്ന അസുര രാജാവിന്റെ അതിക്രമങ്ങള്‍ക്ക് അറുതിവരുത്താനായി അവതരിച്ച വാമനന്‍ കൃത്യം നിര്‍വ്വഹിച്ചു എന്ന് ഭാഗവതത്തില്‍ വായിക്കാം. വാമനന്‍ മഹാബലിയെ കബളിപ്പിച്ച് രാജ്യം തട്ടിയെടുത്ത് ‘അധോഭുവന’മായ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി പോലും! അവിടെ ഒരു ചെറിയ പിശക്: തെറ്റിദ്ധാരണ തീര്‍ക്കുക: പാതാളത്തിലേയ്ക്കല്ല, ‘സുതല’ത്തിലേയ്ക്കാണ് മഹാബലിയെ പറഞ്ഞയച്ചത്. പതിനാല് ലോകങ്ങളില്‍ (മൂവേഴ് ഇരുപത്തൊന്ന് ലോകങ്ങള്‍ എന്ന് മറ്റൊരു കണക്ക്) ഒന്നാണ് ‘സുതലം’. അങ്ങോട്ട് പറഞ്ഞയക്കാന്‍ നേരത്ത് വാമനന്‍ ഒരുവിട്ടു വീഴ്ച്ച ചെയ്തു പോലും: ‘സാവര്‍ണ്ണിമന്വന്തര’മെത്തുമ്പോള്‍ ഇന്ദ്രപദവി കൈവരും എന്ന്. അത് പ്രകാരം സാവര്‍ണ്ണിമന്വന്തരമെത്തണം മഹാബലിയുടെ പുനരാഗമനത്തിന്. മഹാബലി വരാറായിട്ടില്ല.
ഭാഗവതത്തിലെ വാമനാവതാരകഥയ്ക്ക് നമ്മുടെ ഓണാഘോഷവുമായി യാതൊരു ബന്ധവുമില്ല. അവിടെ കേരള പരാമര്‍ശനം തന്നെയില്ല. അതുകൊണ്ട് വാമനനെ നമ്മുടെ ഓണാഘോഷവുമായി ബന്ധപ്പെടുത്തുകയേ വേണ്ടാ. അതുമല്ല, വാമനന്‍ ചെയ്തത് പ്രശംസനീയമായ ഒരു സത്ക്കര്‍മ്മമൊന്നുമല്ലല്ലോ. നേരിട്ട് യുദ്ധം ചെയ്ത് മഹാബലിയെ കീഴടക്കിയതല്ല. വേഷം മാറി വന്ന് നുണ പറഞ്ഞ് വഞ്ചിക്കുകയായിരുന്നു വാമനന്‍. ആ ചതി തിരിച്ചറിഞ്ഞപ്പോള്‍ ചെറുക്കാന്‍ മുതിര്‍ന്ന അസുരസേനയെ പിന്‍തിരിപ്പിക്കുകയായിരുന്നു മഹാബലി ചെയ്തത്. ഏകനായി, നിരായുധനായി നിന്ന മഹാബലിയെ കീഴടക്കി എന്ന് പറയുന്നത് അത്രവലിയ മിടുക്കൊന്നുമല്ല; അതും ചതിപ്രയോഗത്തിലൂടെ.”ബലിയെ വഞ്ചിച്ചവന്‍”എന്ന് ഗീതാഗോവിന്ദത്തില്‍ ജയദേവകവി പാടിയിട്ടുണ്ട്: ”ബലിം ഛലയതേ” എന്ന്. വഞ്ചകനോടല്ല, വഞ്ചിതനോടാണ് നമുക്ക് അനുഭാവം, സഹാനുഭൂതി തോന്നേണ്ടത്. മാതൃകാഭരണാധികാരിയെയാണ് ആദരവോടെ അനുസ്മരിക്കേണ്ടത്. ഇങ്ങനെ പോയാല്‍ തര്‍ക്കത്തിന് അവസാനമുണ്ടാവില്ല. ”സംശയാത്മാ വിനശ്യതി” എന്ന് പറഞ്ഞത്, മുന്നറിയിപ്പ് തന്നത് ഭാഗവാന്‍ കൃഷ്ണന്‍.
എല്ലാ സംശയങ്ങള്‍ക്കും തല്‍ക്കാലം അവധികൊടുത്ത് ഓണാഘോഷത്തിന് ഒരുങ്ങാം. വേഗം ചെന്നില്ലെങ്കില്‍ പരദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറികളും പൂക്കളുമെല്ലാം തീര്‍ന്നുപോകും! ഓണം നാളിലും ‘ഓടണം’ എന്നാകും!