കവി ഇടപ്പള്ളി രാഘവന്‍ പിള്ള ‘പോവല്ലേ പോവല്ലേ പൊന്നോണമേ’ എന്ന കവിതയില്‍
‘അത്തമടുത്തുപോയ് ബാലകന്‍മാ
രത്തലെത്തുള്ളതറിയതായീ
മെത്തിന കൗതുകാല്‍ കൂട്ടരുമാ
യെത്തുന്നു പൂങ്കാവില്‍ പൂവിറുക്കാന്‍
ഓമനക്കുഞ്ഞുങ്ങളൊത്തുകൂടി
ഓണപ്പാട്ടൊരോന്നു പാടിപ്പാടി
തൂമലര്‍ത്തേടി നടക്കുന്നേരം
കോള്‍മയില്‍ ഭൂവിനും കൊള്ളും പാരം’
പൂങ്കാവില്‍ പൂവിറുക്കുന്നതിനായി ബാലന്മാര്‍ അത്തലറിയാതെ ഒത്തുകൂടുകയും ഓണപ്പാട്ടുകളോരാന്നായി പാടിക്കൊണ്ട് പൂവുതേടി നടക്കുമ്പോള്‍ ഭൂമി സ്വയം കോള്‍മയിര്‍ കൊള്ളുകയാണ്. ഓണത്തിന്റെ അനുഭൂതി പ്രകൃതി പോലും അനുഭവിക്കുകയാണ്. അത്രമാത്രം ആഘോഷപൂരിതവും തന്മയീഭാവവുമുള്ള ഒരാഘോഷത്തിന്‍ന്റെ നഷ്ടവിസ്മൃതികള്‍ ദ്യോതിപ്പിക്കുന്നവയാണ് ഇടപ്പള്ളിയുടെ ഈ വരികള്‍. നമുക്കോരോരുത്തര്‍ക്കും ഉണ്ടാകും ഇങ്ങനെയുള്ള അനുഭവങ്ങള്‍ സ്വരുക്കൂട്ടിയ കലവറ. പഴയ തലമുറ അതിന്റെ എല്ലാ തന്മയത്വത്തോടെയും അനുഭവിച്ചതാണ്. ഇനി അതുപോലുള്ള ഒരാഘോഷം സ്വപ്‌നത്തില്‍ പോലും നമുക്ക് നിനച്ചെടുക്കാനാവില്ലല്ലോ എന്നതിലെ പരിഭവം നമ്മെ വല്ലാതെ അലട്ടുന്നുണ്ട്.
ചെറുതായിരിക്കുമ്പോള്‍ എന്റെ മൂത്തമ്മയുടെ മക്കളുടെ കൂടെ ഞങ്ങളുടെ കശുമാവിന്‍ തോട്ടത്തില്‍ പോയി വിവിധ പൂവുകള്‍ ഇറുത്തുകൊണ്ട് വരുമായിരുന്നു. അപ്പോള്‍ മൂത്തമ്മയുടെ മകന്‍ നാരായണന്‍ എന്നോട് മുറിയുന്ന ഒരു പുല്ല് പറിക്കാന്‍ പറയുകയും അതുവലിച്ചെടുത്ത് കൈമുറിഞ്ഞ് ചോര വന്നതും മൂത്തമ്മ അമ്മാവനോട് പറഞ്ഞ് അവന് നാലുകൊടുത്തതും ഓണം ഓര്‍മ്മയില്‍ വരുമ്പോള്‍ വേദനയോടുകൂടി ഓര്‍ക്കുന്ന സംഭവമാണ്. മൂത്തമ്മയുടെ മക്കള്‍ വന്നില്ലെങ്കില്‍ എന്റെയൊക്കെ ഓണം വിരസമായിരുന്നു. ഏകാന്തതയുടെ വീട്ടുതടങ്കലില്‍ മനഃപായസം ഉണ്ണുന്ന ഓണം. ആ കാലത്ത് ഞങ്ങള്‍ തേടിയിറങ്ങാത്ത കുന്നുകളും വളപ്പുകളുമില്ല.ഇന്നത്തെപോലെ വേലികെട്ടി, മതിലു കെട്ടി വളച്ചുകെട്ടി ആര്‍ക്കും കടക്കാനാവാത്ത പറമ്പുകളായിരുന്നില്ല അവയൊന്നും. മഹത്തായ ഒരു ആത്മബലിയുടെ സന്ദേശമായാണ് ഓണം നാം ആഘോഷിക്കുന്നത്. ഏതൊരു ത്യാഗത്തിനു പിന്നിലും ഒരു എളിയ കഥ കാണും.കാലം അതിനു വര്‍ണ്ണം നല്‍കും. അങ്ങനെ മിത്തായി രൂപാന്തരം പ്രാപിച്ച കഥകളാണ് ഇന്ന് നാം കാണുന്ന ആഘോഷങ്ങള്‍ക്കു പിന്നിലെ സാരാംശങ്ങള്‍. മഹാബലിയുടെ ഭരണകാലത്ത് മലയാളരാജ്യം സ്വര്‍ഗ്ഗത്തോളമുയര്‍ന്ന മാവേലി നാടുവാഴുന്ന കാലത്ത് ‘കള്ളവുമില്ല,ചതിവുമില്ല, പൊളി വചനങ്ങളുമില്ല…കള്ളപ്പറയില്ല, കള്ളനാഴികയുമില്ല…താന്തോന്നികളായി ആരും ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും സുഖം, ആനന്ദം, ഐശ്വര്യം! ശ്രേഷ്ഠനായ മഹാബലിയുടെ ഭരണം എത്ര സുന്ദരമായ സ്വപ്‌നമാണ്.സത്യം,നീതി, ധര്‍മ്മം എന്നീ ആദര്‍ശങ്ങള്‍ക്കായി ആത്മബലി നടത്തുകയായിരുന്നു അദ്ദേഹം. വാമനന്‍ നല്‍കിയ ഒരു ദിവസത്തെ ഒരു സന്ദര്‍ശനമുണ്ടല്ലോ അതാണ് നമ്മുടെ ഓണമായി പരിണമിച്ചത്.
ഏതായാലും സുഖസന്ദായകമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയാണ് ഓണം. കൊയ്ത്തുത്സവമായ ഓണം നമ്മുടെ കാര്‍ഷികജീവിത തനിമയുടെ നേര്‍സാക്ഷ്യമാണ്.
അത്തം മുതല്‍ പത്തുദിവസം ഉണ്ടായിരുന്ന ഓണം ചുരുങ്ങി ഇപ്പോള്‍ നാലില്‍ എത്തിയിരിക്കുന്നു. പൂക്കളവും ഊഞ്ഞാലാട്ടവും ഒക്കെ ഓണത്തിന്റെ മാറ്റ് നിലനിര്‍ത്തിയ വ്യതിരിക്തമായ ആഘോഷങ്ങളായിരുന്നു. കുടുംബാംഗങ്ങളുടെ ഒരുമിച്ചുള്ള ഓണസദ്യ കൂട്ടുകുടുംബ വ്യവസ്ഥയുടെ നല്ലതുകളെ നമ്മെ ഊട്ടിയുറപ്പിച്ചിരുന്നു. മാറ്റങ്ങളുടെ മുഴക്കം ഓണത്തിലും വന്നുപെട്ടു. പാരസ്പര്യത്തിന്റെ ശബ്ദവും ബന്ധവും ഓണാഘോഷത്തില്‍നിന്നും പറിച്ചെടുത്തിരിക്കുന്നു. ഇന്ന് ‘ഇന്‍സ്റ്റന്റ് ഓണം’. കാക്കപ്പൂക്കളും കണ്ണാന്തളിപ്പൂക്കളും കാശിത്തുമ്പയും ചെമ്പരത്തിയും കണ്ണുതുറക്കുന്ന ഓണനാള്‍ ഇന്നില്ല. കാലത്തിന്റെ മാറ്റൊലികള്‍ വര്‍ണ്ണമയൂഖങ്ങളായി മാറിയ ഒരു നാടിന്റെ പിന്നാമ്പുറം തേടുമ്പോള്‍ ഓണപ്പൊലിമയുടെ നേരും നേരറിവും നമുക്ക് ഓര്‍ത്തെടുക്കാനാവും. വല്ലാത്ത ഗൃഹാതുരത്വത്തിന്റെ സമ്മര്‍ദ്ദത്തിലാണ് നാമിതൊക്കെ ഓര്‍ത്തെടുക്കുമ്പോള്‍ അനുഭവിക്കുന്നത്.ഗ്രാമീണജീവിതത്തിന്റെ കാളിമുറ്റത്ത് നൃത്തം ചെയ്തിരുന്ന എല്ലാ ഐശ്വര്യങ്ങളും പടിയിറങ്ങിപ്പോയി. കലണ്ടറിലെ കുറച്ച് ചുവന്ന അക്ഷരങ്ങള്‍ മാത്രമായി ചുരുങ്ങിയ ഓണത്തിന്റെ തനിമയും പൊലിമയും എങ്ങോ പോയി മറഞ്ഞെങ്കിലും മലയാളികളെ ഇന്നും കോര്‍ത്തിണക്കുന്ന, പഴയതിലേക്ക് നമ്മെ ആനയിക്കുന്ന ഒരു നന്മയായി ഓണം എന്നും പരിലസിച്ചുനിര്‍ത്തുന്നു എന്നതാണ് നമ്മുടെ സൗഭാഗ്യം.