കാഞ്ഞങ്ങാട്: മുന്നണിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിനിധിയായ പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ രണ്ടും മുസ്ലിം ലീഗിലെ ആറും അംഗങ്ങള്‍ ഒപ്പിട്ടതാണ് അവിശ്വാസ നോട്ടീസ്. യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ അംഗീകാരത്തോടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന് നോട്ടീസ് കൈമാറി.
അവിശ്വാസം നേരിടുന്ന സുബൈദ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയും ജനശ്രീ മിഷന്‍ ജില്ലാ ട്രഷററുമാണ്. യു.ഡി.എഫിന്റെയും പാര്‍ട്ടിയുടേയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സുബൈദ തയ്യാറാവുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. അടുത്ത 15 പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ അവിശ്വാസം ചര്‍ച്ചചെയ്യുമെന്നാണ് വിവരം. യു.ഡി.എഫിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ എല്‍.ഡി.എഫ് കരുതലോടെയാണ് വീക്ഷിക്കുന്നത്. മുസ്ലിംലീഗിലെ പി.സി ഫൗസിയ പ്രസിഡണ്ടായ പടന്ന പഞ്ചായത്തിലെ 15 അംഗ ഭരണസമിതിയില്‍ നിലവില്‍ യു.ഡി.എഫിന് ഒമ്പതും എല്‍.ഡി.എഫിന് ആറും അംഗങ്ങളുണ്ട്. 2016ല്‍ സുബൈദയുടെ വീടാക്രമിച്ചത് സംബന്ധിച്ചുള്ള കേസ് പിന്‍വലിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ അവിശ്വാസപ്രമേയത്തിലെത്തിലെത്തിയത്.