കുമ്പള: അധികൃതര്‍ കയ്യൊഴിഞ്ഞതോടെ കുമ്പള-കുണ്ടങ്കാരടുക്ക റോഡിന്റെ പകുതിഭാഗം തകര്‍ന്ന നിലയില്‍ തന്നെ. റോഡിന്റെ ഇന്റര്‍ലോക്ക് ജോലി 35 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പൂര്‍ത്തികരിച്ചത്. ആറ് മാസത്തിനകം റോഡിന്റെ പകുതി ഭാഗം തകര്‍ന്ന് ഇന്റര്‍ലോക്ക് ഇളകി കുഴികള്‍ രൂപപ്പെടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ കരാറുകാരന്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നതിനായി പേരിന് ചില അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം നല്‍കിയ ശേഷം മുങ്ങുകയായിരുന്നു. രണ്ട് മാസത്തിനകം വീണ്ടും റോഡ് തകര്‍ന്നപ്പോള്‍ ഡി.വൈ.എഫ്.ഐ. കുമ്പള വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കുണ്ടങ്കാറടുക്കയിലെ ജാഫര്‍ ഇതിനെതിരെ ആദ്യം വിജിലന്‍സില്‍ പരാതി നല്‍കുകയും ഫലം കാണാതിരുന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി സുധാകരനും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയുമായിരുന്നു. പരാതി നല്‍കി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥന്‍ പോലും റോഡിന്റെ അവസ്ഥയെ പറ്റി അന്വേഷിക്കാന്‍ പോലും വന്നില്ലെന്ന് ജാഫര്‍ പറയുന്നു. 450 മീറ്റര്‍ റോഡ് ഹര്‍ബാര്‍ പദ്ധതിയില്‍ ഉല്‍പ്പെടുത്തി 35 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പണി തീര്‍ത്തത്.
100 മീറ്ററോളം റോഡ് തകര്‍ന്ന് ഇന്റര്‍ലോക്ക് ഇളകി നില്‍ക്കുകയാണ്. ഇരുചക്രവാഹനങ്ങളും മറ്റും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
കരാറുകാരന്‍ ചില രാഷ്ട്രിയ നേതാക്കളുടെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം മുരടിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.