ഹൊസങ്കടി: ഹൊസങ്കടിയില്‍ മൊബൈല്‍കടയുടെ ചുമര് തുരന്ന് കവര്‍ച്ച നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പാര്‍ പള്ളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ(32)യെയാണ് മഞ്ചേശ്വരം എസ്.ഐ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. 3നാണ് ഹൊസങ്കടിയിലെ മുത്തലിബിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ കവര്‍ച്ച നടന്നത്.
പിറക് വശത്തെ ചുമര് തുരന്ന് അകത്ത് കയറി 1.8 ലക്ഷം രൂപ വിലവരുന്ന 80ല്‍ പരം മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നാണ് പരാതി. മുഖം മറച്ചായിരുന്നു കവര്‍ച്ച നടത്തിയത്. സി.സി.ടി.വി. ക്യാമറയില്‍ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മറച്ചത് കാരണം ആളെ തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. ഇതോടെ അന്വേഷണം നിലച്ച മട്ടായിരുന്നു. അതിനിടെയാണ് കവര്‍ന്ന മൊബൈല്‍ ഫോണുകളില്‍ ഒന്നില്‍ സിം ഇട്ടതായി സൈബര്‍ സെല്‍ കണ്ടെത്തിയത്. ഇത് ഒരു യുവാവിന് പ്രതി സൗജന്യമായി നല്‍കിയ ഫോണ്‍ ആണെന്ന് പൊലീസ് അന്വേഷണത്തിനിടെ കണ്ടെത്താനായി. കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ വിറ്റതായി പ്രതി മൊഴിനല്‍കിയിട്ടുണ്ട്. ചില മൊബൈല്‍ ഫോണുകള്‍ മുസ്തഫ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.