കാസര്‍കോട്: മംഗളൂരു ദേശീയ പാതയില്‍ യാത്രക്കാരുടെ ക്ഷമ പരിശോധിക്കുന്ന ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ കടുത്ത നിലപാടുമായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഈ അനാസ്ഥ തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അധികൃതര്‍ക്ക് എം.എല്‍.യുടെ മുന്നറിയിപ്പ്.
ദേശീയപാത റീജ്യണല്‍ ഓഫീസര്‍ വി.വി. ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘത്തെ ഇന്നലെ നേരിട്ട് കണ്ടാണ് ജനങ്ങളനുഭവിക്കുന്ന ദുരിതം എം.എല്‍.എ. ബോധ്യപ്പെടുത്തിയത്. വര്‍ഷങ്ങളോളം റീ ടാറിംഗ് നടത്താതെ മഴക്കാലത്ത് കുളങ്ങളെ വെല്ലുന്ന കുഴികള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അറ്റകുറ്റപ്പണിയിലൂടെ കോടികള്‍ പാഴാക്കുന്നത് ഏത് ബുദ്ധിയാണെന്ന് വ്യക്തമാക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. കാസര്‍കോട്ടെ ജനങ്ങള്‍ ക്ഷമയുള്ളവരായത് കൊണ്ടാണ് ജനപ്രതിനിധികള്‍ ഇപ്പോഴും ജീവനോടെ ബാക്കിയുള്ളതെന്ന് മോര്‍ത്ത് (മിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട് ആന്റ് ഹൈവേസ്) ഉദ്യോഗസ്ഥരോട് എം.എല്‍.എ. പറഞ്ഞു. ദേശീയപാതയിലെ കുഴികളില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണമെടുത്ത് നിസ്സംഗ മനോഭാവത്തോടെ തിരിച്ചുപോയാല്‍ കടമ തീര്‍ന്നു എന്ന നിലപാട് ഉദ്യോഗസ്ഥര്‍ മാറ്റണം. പ്രശ്‌നങ്ങള്‍ പഠിക്കാതെ യാന്ത്രിക ലോകത്ത് ജീവിക്കുകയാണ് നിങ്ങള്‍. തയ്യാറാക്കുന്ന എസ്റ്റിമേറ്റുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. തലപ്പാടി മുതല്‍ അണങ്കൂര്‍ വരെ ഇപ്പോള്‍ ടെണ്ടര്‍ ചെയ്തിട്ടുള്ള പ്രവൃത്തികള്‍ കരാറുകാര്‍ തുടങ്ങാത്തതിന്റെ കാരണം ഇത് തന്നെയാണ്. ഒരിക്കലും സഹിക്കാന്‍ പറ്റാത്ത ഈ അനാസ്ഥ അധികൃതര്‍ തുടരുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി എം.എല്‍.എ. എന്ന നിലവിട്ട് പെരുമാറിയാലോ എന്ന് പോലും ചിന്തിച്ചുപോവുകയാണ്. നാടിന് വേണ്ടി കടുത്ത നിലപാട് സ്വീകരിക്കുക തന്നെ ചെയ്യുമെന്നും മോര്‍ത്ത് അധികൃതരെ എം.എല്‍.എ. അറിയിച്ചു.