രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഇത്തവണത്തെ ഓണം കോടിയോണമാണെന്ന് വേണമെങ്കില്‍ പറയാം. ഇക്കാലമത്രയും കൊല്ലത്തും, തിരുവനന്തപുരത്തുമായി ആഘോഷിച്ച ഓണം ഇത്തവണ തന്റെ സ്വന്തമായ കാസര്‍കോട്ട് വെച്ച് തന്നെ ആണെന്നതാണ് പ്രത്യേകത. കാസര്‍കോട്ടുകാര്‍ക്കൊപ്പമാണ് ഓണമെന്ന് പറയുമ്പോഴും ആര്‍ഭാടങ്ങള്‍ ഒഴിവാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
ഇത്തവണ ഓണം നമുക്ക് സന്തോഷത്തോടുകൂടി ആഘോഷിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. നാട്ടില്‍ മുഴുവന്‍ പ്രളയമാണ്. മഴ, കര്‍ക്കിടക കലിപൂണ്ട കാലത്ത് ചിങ്ങമാസത്തിലും അതിന്റെ ക്ഷോഭത്തില്‍ നിന്നും പിന്‍മാറിയിട്ടില്ല. കാസര്‍കോട്ടെ 12 നദികളും കരകവിഞ്ഞൊഴുകുന്നു.
തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകത്തിലെ കുടകില്‍ ഉരുള്‍പൊട്ടിയാല്‍ മലവെള്ളപ്പാച്ചിലുണ്ടാകുന്നു. അതും കാസര്‍കോടിനെയാണ് ബാധിക്കുന്നത്. ചുരുക്കിപറഞ്ഞാല്‍ ദുരിതപൂര്‍ണ്ണമായ ഒരു കാലാവസ്ഥയിലാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. ആര്‍ഭാടം ഒഴിവാക്കി ആഘോഷം നടത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. കാരണം ആണ്ടിലൊരിക്കലാണ് ഓണം. ആ ഒരിക്കല്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ ഓണം എന്തെങ്കിലും ഒന്നിന്റെ പേരില്‍ മാറ്റിവെക്കാനാവില്ല. നമ്മുടെ സംസ്ഥാനതലത്തില്‍ ഓണാഘോഷപരിപാടികള്‍ ആര്‍ഭാടമായാണ് ആഘോഷിക്കുന്നത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കുക. അതേ സമയം ഓണം ആഘോഷിച്ചേ പറ്റൂ. കാരണം നമ്മുടെ ജീവിതത്തില്‍ സമ്പല്‍ സമൃദ്ധിയുടെ ഒരു ദിനമെങ്കിലും ഉണ്ടായിരിക്കണം എന്നാഗ്രഹിക്കാത്തവരാരുണ്ട്?
ഒരു കാലഘട്ടത്തിന്റെ സ്മരണ പുതുക്കുന്ന ഒന്നാണ് മലയാളികളുടെ ദേശീയോത്സവം. ജാതിക്കും മതത്തിനുമതീതമായി ദേശത്തിനും ഭാഷയ്ക്കുമതീതമായി ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ ആ മലയാളികളുടെ സ്വന്തം ആഘോഷമാണ് തിരുവോണം.
തിരുവോണം എന്ന് പറയുമ്പോള്‍ ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന സമത്വ സുന്ദരമായൊരു വ്യവസ്ഥിതി, ആ വ്യവസ്ഥിതിയുടെ ഓര്‍മ പുതുക്കലാണ് തിരുവോണം. തിരുവോണ നാളില്‍ രാവിലെ കുളിച്ച് ശുദ്ധിയായി ഓണക്കോടി ധരിച്ച്, പൂക്കളമൊക്കെ ഒരുക്കി, ഊഞ്ഞാല്‍ കെട്ടി ആടി, ഓണക്കളികള്‍, ഓണപ്പന്ത്, കുഴിപ്പന്ത് എന്നിവ കളിച്ച് ഇലവെട്ടിയെടുത്ത് അതില്‍ പപ്പടവും പായസവും പഴവുമടക്കമുള്ള സകല വിഭവങ്ങളുള്ള സദ്യ… ഇവയൊക്കെ ഒഴിച്ചു കൂടാനാവാത്തതാണ്. ഓണത്തിന് ഒരു വിടും ഈ രാജ്യത്ത് പട്ടിണി കിടക്കാതിരിക്കാനുള്ള കാരണം മാവേലി നാടുവാണിരുന്ന കാലത്തെ സമ്പല്‍ സമൃദ്ധമായ ജീവിതമുണ്ടായിരുന്നതാണ്.
എന്നാല്‍ ഇന്നത്തെ ജനങ്ങളുടെ ജീവിതം നമുക്കെല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഒരു ദിവസമെങ്കിലും സകല ദു:ഖങ്ങളും മറന്ന് സമത്വ -സമ്പല്‍ സമൃദ്ധമായ കാലഘട്ടത്തിലേക്ക് മടങ്ങിപോവുകയാണ്. ഇന്നത്തെ മനുഷ്യന്റെ ജീവിതം ഓര്‍ക്കുമ്പോള്‍ ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന സമ്പല്‍ സമൃദ്ധിയുടെ ഓര്‍മകള്‍ അയവിറക്കുന്നതാണ്. ഈ ഓണം എല്ലാ ദിവസവും മാവേലി നാടുവാണിരുന്നതുപോലെ ആകട്ടെ നമ്മുടെ ഭൂമിയെന്നാണ് ആഗ്രഹിക്കുന്നത്. കള്ളവും ചതിയുമില്ലാത്ത പൊളി വചനമില്ലാത്ത ആളുകള്‍ പരസ്പരം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ലോകമായി ഒന്നിനും അല്ലലില്ലാത്ത ഒരു ജീവിതം നയിക്കുവാന്‍ കഴിയുന്ന ആ പഴയ കാലഘട്ടം ഇനി നമുക്ക് അപ്രാപ്യമാണ്.
ഇന്ന് കമ്പ്യൂട്ടര്‍ യുഗമാണ്. ലാപ്‌ടോപ്പും അതുപോലെ ടാബുമൊക്കെയാണുള്ളത്. ഓണക്കളികളൊക്കെ മാറി. കമ്പ്യൂട്ടറിലാണ് ഓണക്കളികളൊക്കെ വന്നിരിക്കുന്നത്.
പഴയ കാലഘട്ടത്തിലെ ഓണം എന്നത് ഇപ്പോള്‍ ഒരു ചടങ്ങായി മാറിയിരിക്കുകയാണ്. യംഗ് ജനറേഷന് പഴയ കാലത്തെ ഗൃഹാതുരത്വമൊന്നുമില്ല. പഴമക്കാര്‍ ഇന്നും ഓണം പുതുമയായി ആഘോഷിക്കുമ്പോള്‍, പുതുതലമുറയ്ക്ക് ഓണം ഒരു ആഘോഷമായി മാറുന്നില്ല എന്നതാണ് ദു:ഖസത്യം. കാരണം ഇന്നത്തെ യുഗത്തില്‍ ബന്ധങ്ങളൊക്കെ വ്യര്‍ത്ഥമായിരിക്കുന്നു. അണുകുടുംബങ്ങളിലേക്ക് ബന്ധങ്ങളൊക്കെ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. വ്യക്തികളിലേക്കു ചുരുങ്ങുകയാണ് പഴയ കുടുംബവ്യവസ്ഥിതി. പരസ്പര സ്‌നേഹം, വിശ്വാസം, സഹവര്‍തിത്വം ഇതൊന്നും ഈ നാട്ടില്‍ ഇല്ലാതായിരിക്കുന്നു. കളവും ചതിയും നാട്ടില്‍ വര്‍ധിച്ചിരിക്കുന്നു. ഈ നാട്ടില്‍ മാഫിയകള്‍ അരങ്ങു വാഴുന്നു.
നമ്മുടെ പ്രപഞ്ചത്തെ മുഴുവന്‍ അവര്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ക്വാറി മാഫിയകള്‍, മണല്‍ മാഫിയകള്‍ എന്നിവര്‍ പശ്ചിമഘട്ട പ്രദേശങ്ങളും ജൈവ വൈവിധ്യങ്ങളും നശിപ്പിച്ച് ഈ മലയാള നാട്ടിനെ ഒരു മരുഭൂമിയാക്കി മാറ്റുന്നു. ഒരു കാലത്ത് ഈ നാടിന്റെ പ്രഭവകേന്ദ്രമായി മാറിയിരുന്ന നമ്മുടെ സമ്പല്‍ സമൃദ്ധിയുടെ നാളുകള്‍ അസ്തമിച്ചു. ഈ അസ്തമിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പഴമക്കാരുടെ ഓര്‍മ പുതുക്കലാണ് ഓണം.