മംഗളൂരു: ‘പബ്ജി’ മൊബൈല്‍ വീഡിയോ ഗെയിമിന് അടിമയായ വിദ്യാര്‍ത്ഥി മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം നല്‍കാത്തതിന് പിതാവിനെ തലയറുത്തു കൊന്നു. ബലഗാവി ജില്ലയിലെ കട്ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. മൊബൈലില്‍ ‘പബ്ജി’ കളിച്ചുകൊണ്ടിരിക്കെ ബാലന്‍സ് തീര്‍ന്നതിനാല്‍ രഘുവീര്‍ കമ്മാര്‍ എന്ന വിദ്യാര്‍ത്ഥി പിതാവ് ശങ്കരപ്പയോട് റീചാര്‍ജ്ജ് ചെയ്യാന്‍ പണം ചോദിച്ചു. ക്ലാസിലൊന്നും പോകാതെ ഗെയിമിന് അടിമയായി അലസനായി നടന്നിരുന്ന രഘുവീറിന് പണം നല്‍കാന്‍ ശങ്കരപ്പ തയ്യാറായില്ല. ഇതില്‍ കുപിതനായ രഘുവീര്‍ വാളുകൊണ്ട് ശങ്കരപ്പയുടെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശങ്കരപ്പയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. പിതാവിന്റെ കാലുകളും രഘുവീര്‍ തുണ്ടം തുണ്ടമാക്കി. രഘുവീര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന ശങ്കരപ്പയുടെ ദാരുണ കൊലപാതകം നാട്ടുകാരിലും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ ഞെട്ടലുണ്ടാക്കി.