ബദിയടുക്ക: ബദിയടുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടയിലെ അബ്ദുറഹ്മാന്റെ ഭാര്യ ജമീലയെ(33) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യഥാര്‍ഥ കാരണം ഇനിയും പുറത്തുവന്നില്ല. മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായെങ്കിലും എന്താണ് കാരണമെന്നറിയാതെ പൊലീസിന് ഈ കേസില്‍ തുടര്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ല. ജമീലയുടെ സഹോദരങ്ങള്‍ അടക്കമുള്ളവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐ വി.കെ അനീഷ് രേഖപ്പെടുത്തി. ഭര്‍തൃവീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് യുവതിയുടെ കുടുംബം മൊഴി നല്‍കിയത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ജമീല. ഏഴാംമാസം ഭര്‍തൃവീട്ടില്‍ ചില ചടങ്ങുകള്‍ നടത്തിയിരുന്നു. ജമീലയുടെ കുടുംബവും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആ സമയത്തെല്ലാം ജമീല സന്തോഷവതിയായാണ് കണ്ടതെന്ന് യുവതിയുടെ കുടുംബം വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വരുംദിവസങ്ങളില്‍ ജമീലയുടെ ഭര്‍ത്താവിനെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.