ബേഡകം: എരിഞ്ഞിപ്പുഴയില്‍ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ അജ്ഞാതമൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കൊളേജാസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പുഴയിലെ ഒഴുക്കില്‍പെട്ട് മരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമികവിവരമെന്ന് പൊലീസ് പറഞ്ഞു. ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് പയസ്വിനിപ്പുഴയില്‍ നിന്ന് എരിഞ്ഞിപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹത്തിലെ വസ്ത്രത്തില്‍ കോഴിക്കോട്ടെ ഒരു തയ്യല്‍ക്കടയുടെ സ്റ്റിക്കര്‍ പതിച്ച നിലയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിലെയും കര്‍ണാടകയിലെയും മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമികറിപ്പോര്‍ട്ടെങ്കിലും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.