ദോഹ: പതിമൂന്നാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ട്രാക്കും ഫീല്‍ഡുമുണരാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മാമാങ്കത്തെ വരവേല്‍ക്കാന്‍ ദോഹയും രാജ്യത്തെ പ്രധാന വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയവും ഒരുങ്ങിക്കഴിഞ്ഞു.
213 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ഒഫീഷ്യലുകളും കാണികളും 27 മുതല്‍ ചാമ്പ്യന്‍ഷിപ്പിനായി എത്തുന്നതോടെ സ്റ്റേഡിയം ആഗോള കമ്മ്യൂണിറ്റിയുടെ ചെറുപതിപ്പായി മാറും.
10 ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പിനിടെ കാണികള്‍ക്കും താരങ്ങള്‍ക്കും ഓഫീഷ്യലുകള്‍ക്കും വിവിധ സംസ്‌കാരങ്ങള്‍ നേരിട്ടനുഭവിക്കാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ കരഗതമാകുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തനത് കലാരൂപങ്ങളും നൃത്ത സംഗീത പരിപാടികളും അത്‌ലറ്റിക്‌സ് വില്ലേജില്‍ കാണികള്‍ക്ക് ആസ്വദിക്കാം.
ആഫ്രിക്ക, അമേരിക്കന്‍ വന്‍കരകള്‍, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ വ്യത്യസ്ത മേഖലകളാക്കിയാണ് വില്ലേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളും ഈ മേളയുടെ പ്രത്യേകതയാണ്.
ചാമ്പ്യന്‍ഷിപ്പും അത്‌ലറ്റിക് വില്ലേജും ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുള്ള ഫാന്‍സുകള്‍ക്കും വിവിധ സമൂഹങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒരുമിച്ചു കൂടാനുള്ള കേന്ദ്രമാണെന്ന് സംഘാടക സമിതി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശൈഖ് അസ്മാ അല്‍ഥാനി പറഞ്ഞു.
26 മുതല്‍ ഒക്ടോബര്‍ 6 വരേയാണ് ചാമ്പ്യന്‍ഷിപ്പ്. ദിവസവും വൈകിട്ട് അഞ്ചിനാണ് വില്ലേജ് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്.