കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബഹ്‌റൈനിലെ ഫോര്‍ പി.എം ന്യൂസ് സര്‍ക്കുലേഷന്‍ ഹെഡ് കമ്പല്ലൂരിലെ മോഹനന്‍ കോളിയാടന്‍ (56) ആണ് ഇന്നലെ മരിച്ചത്. മനാമയിലെ താമസസ്ഥലത്ത് വെച്ച് പുലര്‍ച്ചെയായിരുന്നു മരണം. വോളിബോള്‍ താരമായ മോഹനന്‍ കൊല്ലാടയിലെ ഹാപ്പി ബ്രദേഴ്‌സ് എന്ന ക്ലബ്ബിനെ വോളിബോള്‍ രംഗത്ത് ഉന്നതിയിലെത്തിക്കാന്‍ ഏറെ പ്രയത്‌നിച്ചിരുന്നു.
നല്ല സംഘാടകന്‍ കൂടിയായ അദ്ദേഹം ബഹ്‌റൈനില്‍ വോളിബോള്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം സംഘാടകര്‍ക്ക് തുണയായി എത്താറുണ്ട്. ബഹ്‌റൈനില്‍ നടന്ന അന്താരാഷ്ട്ര വോളിബോള്‍ മത്സരങ്ങള്‍ വോളി ലൈവ് പേജിലൂടെ ലോകത്തെ അറിയിച്ചതും മോഹനനായിരുന്നു. സിന്ധുവാണ് ഭാര്യ. മക്കള്‍: മാനസ, അഭിനന്ദ്. മൃതദേഹം സല്‍മാനിയയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.